അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 2
എഴുത്തുകാരി: റീനു
പിന്നീട് ചാച്ചൻ ടിവി കാണാൻ ആയി എഴുന്നേറ്റപ്പോൾ എല്ലാരുടെയും മുഷിഞ്ഞ കുറെ തുണികളുമായി നേരെ വീടിൻറെ പിന്നാമ്പുറം ചേർന്നുള്ള തോട്ടിലേക്ക് ഇറങ്ങി….. സോപ്പ് പൊടിയിൽ തുണിയെല്ലാം മുക്കിവെച്ച് ഓരോന്നായി നനയ്ക്കാൻ തുടങ്ങി…. ഞായറാഴ്ച ദിവസമാണ് ഇതിനു വേണ്ടി സമയം കളയുന്നത്, അമ്മച്ചി വന്നപ്പോഴേക്കും അത്യാവശ്യ പണികൾ എല്ലാം ഒതുക്കി, അതുകൊണ്ടുതന്നെ അമ്മച്ചി പെട്ടെന്ന് പാചകത്തിന് കയറി….. ഞാൻ ആണെങ്കിൽ തുണി വിരിച്ച് വന്നതിനുശേഷം എബിയുടെ അരികിലേക്ക് ചെന്നു, അവനാണെങ്കിൽ ഓരോ വിശേഷങ്ങളും എണ്ണി പറയുന്ന തിരക്കിലാണ്…. കുറച്ചു കഴിഞ്ഞപ്പോൾ ഒരു പയ്യൻ വന്ന് അവനെ വിളിച്ചു കൊണ്ടുപോയി, ഞായറാഴ്ച ആയതുകൊണ്ട് എന്തോ ഫുട്ബോൾ കളിയൊ മറ്റോ ആണ്….
ഇനി അവനെ ഉച്ചയ്ക്ക് നോക്കിയാൽ മതി എന്നറിയാവുന്നതുകൊണ്ട് വീണ്ടും നേരെ അമ്മച്ചിയുടെ അടുക്കലേക്ക് ചെന്നു….ഉടച്ചു വച്ച മോര് ഒന്ന് കാച്ചി എടുത്തു…. അതിനുശേഷം ചെറിയൊരു പയർ മെഴുക്കുപുരട്ടി കൂടിവച്ചു, കപ്പ ഉള്ളതുകൊണ്ട് ചോറ് വലുതായി ഇന്നത്തെ ദിവസം ചിലവാകില്ല എന്നറിയാം എങ്കിലും ഉച്ചയ്ക്കതേക്ക് വേണ്ടി അതും ഉണ്ടാക്കി….. അത് കഴിഞ്ഞപ്പോഴേക്കും അമ്മച്ചിയുടെ സ്പെഷ്യൽ ഇറച്ചിക്കറിയും കപ്പ വേവിച്ചതും റെഡിയായി…… പിന്നെ എല്ലാം എടുത്തു വച്ച് ചാച്ചനെ വിളിച്ചു….. പിന്നെ വീടിന്റെ നേരെ താഴേക്കുള്ള പടിക്കെട്ടുകൾ ഇറങ്ങി ഉറക്കെ എബിയെ വിളിച്ചു…… കുറച്ച് സമയം കഴിഞ്ഞു അവൻ വിളി കെട്ട് ഓടി വന്നു…..
കഴിച്ചിട്ട് അവൻ ചിലപ്പോൾ പോകും, പിന്നെ എല്ലാവരും കൂടി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക ആയിരുന്നു….. ഞായറാഴ്ച ദിവസത്തെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിൽ ഒന്ന് തന്നെയാണ്…..അത് കഴിഞ്ഞു സുഖമായ ഒരു ഉറക്കം, കപ്പ കഴിക്കുന്നതുകൊണ്ട് കിടന്നാൽ തന്നെ ഉറക്കം വരും എന്നുള്ളത് മറ്റൊരു സത്യം….. ചാച്ചൻ ഹോളിൽ വെറുതെ തറയിലേക്ക് കിടന്നു…. ഞാനും എൻറെ മുറിയിലേക്ക് പോയി, ഉറങ്ങി ഉണർന്നപ്പോഴേക്കും സമയം ഏതാണ്ട് നാലു മണിയായി…. എഴുന്നേറ്റു വന്നപ്പോൾ ചാച്ചൻ നല്ല ഉറക്കമാണ്, ഉമ്മറത്ത് ആ കിടപ്പ് തന്നെ ആണ് …. തറയിൽ കിടന്നാൽ തണുപ്പ് കിട്ടുമെന്നാണ് ചാച്ചൻറെ പക്ഷം……
അമ്മച്ചി ആണെങ്കിൽ മുറിക്കകത്ത് കിടന്നുറങ്ങുന്നു, എബിയെ കാണാനില്ല എപ്പോഴോ എഴുന്നേറ്റ് പോയിട്ടുണ്ടാകും എന്ന് ഊഹിച്ചു…. ആരെയും വിളിക്കാതെ നേരെ കിണറ്റിൻ കരയിലേക്ക് നടന്നു, കുറച്ചു വെള്ളം കോരി നിറച്ചു…. അതുകഴിഞ്ഞ് ഒരു ബക്കറ്റ് നിറയെ വെള്ളവുമായി ബാത്റൂമിലേക്ക് കയറി, ഒന്ന് കുളിച്ച് പുറത്തിറങ്ങിയപ്പോഴേക്കും നല്ല കാപ്പിപ്പൊടി വറുക്കുന്ന മണം നാസികയെ തഴുകി മറഞ്ഞു…. അപ്പോൾ തന്നെ അമ്മച്ചി ഉണർന്നു എന്ന് മനസ്സിലായി….. കട്ടനും കുടിച്ച് കുറച്ച് നേരം ഉമ്മറത്ത് തന്നെ ഇരുന്നു, അപ്പോഴേക്കും ചാച്ചൻ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞു കവലയിലേക്ക് പോകാൻ നിൽക്കുകയാണ്…..
സന്ധ്യാ പ്രാർഥനയുടെ സമയം ആകുമ്പോഴേ ഇനി ചാച്ചനെ കിട്ടു, ചാച്ചന് പോയി കഴിഞ്ഞപ്പോൾ ഞാനും അമ്മയും ഒറ്റയ്ക്കായി, അമ്മയോട് ജീന പറഞ്ഞ കാര്യങ്ങളും ചാച്ചൻ പറഞ്ഞ കാര്യങ്ങളെല്ലാം പറഞ്ഞു, ഒക്കെ കേട്ടപ്പോൾ അമ്മയ്ക്കും സമാധാനമായി….. ഏകദേശം അഞ്ചരയോടെ എബിയും തിരിച്ചുവന്നു, കുളിയെല്ലാം കഴിഞ്ഞ് ആറര ആയപ്പോൾ ഞങ്ങൾ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ വേണ്ടിയിരുന്നു….. ആ സമയത്തേക്ക് ചാച്ചനും എത്തി…. ഞങ്ങളോടൊപ്പം വന്ന് പ്രാർത്ഥിക്കാറില്ലെങ്കിലും കട്ടളപടിയിലിരുന്ന് പ്രാർത്ഥനയിൽ കൂടാറുണ്ട് ചാച്ചൻ….. അങ്ങനെ സന്ധ്യാപ്രാർത്ഥന എല്ലാം കഴിഞ്ഞു ടിവിയുടെ സമയമായി,മോഹൻലാലിൻറെ പുലിമുരുകൻ ആണ് കാണുന്നത്….
എബിക്കിഷ്ടപ്പെട്ട സിനിമ ആയതുകൊണ്ട് കുറച്ച് സമയം കൂടെ പോയിരുന്നു, പിന്നെ ബോറടിച്ചപ്പോൾ നേരെ മുറിയിലേക്ക് പോയി…. ഫോണെടുത്ത് ജീനയ്ക്ക് ഒരു മിസ്കോൾ കൊടുത്തു…. ഉടനെതന്നെ അവൾ തിരിച്ചു വിളിച്ചു, ആകെപ്പാടെ തനിക്ക് വിളിക്കാനും സംസാരിക്കാനും ഉള്ള ഒരേ ഒരു കൂട്ടുകാരി അവൾ മാത്രമാണ്…. ചെന്നൈയിലേക്ക് പോകുന്ന വിശേഷങ്ങളും എടുക്കാനുള്ള സാധനങ്ങളുടെയും മറ്റും ലിസ്റ്റ് പറയുകയാണ് അവൾ, കുട്ടിക്കാലം മുതലേയുള്ള സുഹൃത്തായിരുന്നു അവൾ…. അവളുടെ അച്ഛന് ഒരു ആക്സിഡന്റിൽ മരിച്ചതിനുശേഷം അവളുടെ ചേട്ടായി ആണ് കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ മുഴുവൻ ഏറ്റെടുത്തത്….
അവൾക്ക് ഒരു ചേച്ചി കൂടിയുണ്ട്, കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുമായി സുഖമായി കഴിയുകയാണ് ആള്….അലക്സ് ചേട്ടായി ആണ് ഏറ്റവും മൂത്തത്, പക്ഷേ ആള് ഇതുവരെ കല്യാണം കഴിച്ചിട്ടില്ല… പ്രായം ഏകദേശം 35 ന്റെ ഇടയിൽ കാണും….. എന്നിട്ടും എന്തേ ആള് ഇതുവരെ കല്യാണം കഴിക്കാത്തത്…. താൻ ഒരിക്കൽ ജീനയോട് ചോദിച്ചപ്പോൾ അവൾ രസകരമായി പറഞ്ഞു, ” നിങ്ങളുടെ അടുത്തുള്ള സംഗീത ചേച്ചിയുമായി പണ്ട് കൊടുമ്പിരികൊണ്ട പ്രണയത്തിലായിരുന്നു, എന്നാൽ ചേട്ടായിയെക്കാളും നല്ലൊരു ആലോചന വന്നപ്പോൾ ചേച്ചി എന്റെ ചേട്ടായിയെ തേച്ചു….
അത് കേട്ട് കഴിഞ്ഞപ്പോൾ തൊട്ട് പിന്നെ സംഗീത ചേച്ചിയെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, ചേച്ചിയെ കണ്ടാൽ ഇപ്പോഴും സുന്ദരിയാണ്, പക്ഷേ വിവാഹജീവിതം അത്ര സുന്ദരമല്ല എന്നു തോന്നുന്നു…. ഒരു പോലീസുകാരൻ ആണ് ചേച്ചിയുടെ ഭർത്താവ്….. സ്ത്രീകളുമായി ബന്ധമുണ്ടെന്നും ചേച്ചിയെ മർദ്ദിക്കാറുണ്ടെന്നും ഒക്കെ ചേച്ചിയുടെ അമ്മ അമ്മയോട് പറയുന്നത് കേൾക്കാറുണ്ട്, പിന്നെ കുട്ടികളെ ഓർത്ത് ചേച്ചി സാഹിച്ചു നിൽക്കുകയാണ്….രണ്ടു മതം ആയതുകൊണ്ടാവാം ഇരുവരും തമ്മിൽ ഒരുമിക്കാതെ പോയത് എന്ന് ഒരിക്കൽ തോന്നിയിരുന്നു….. എങ്കിലും അതുവരെ സംഗീത ചേച്ചിയോടുള്ള ഇഷ്ടം പോയി….
ചേട്ടായിയെ തേച്ചു എന്ന് അറിഞ്ഞപ്പോൾ അത് പോയി എന്നുള്ളത് സത്യമാണ്….. സംഗീത ചേച്ചി ആണെങ്കിൽ ആരോടും അധികം മിണ്ടുന്ന പ്രകൃതം പോലുമല്ല, എങ്ങനെ ഒരാളെ പ്രണയിക്കാനും അയാളെ വേണ്ടെന്നുവയ്ക്കാനും ഒക്കെ തോന്നിയെന്ന് ചിലപ്പോൾ ചിന്തിക്കാറുണ്ട്, ചിലപ്പോൾ ചേച്ചിയുടെ സാഹചര്യം കൊണ്ടായിരിക്കും…. ഒരുപാടൊന്നും പിടിച്ചു നില്ക്കാൻ ചിലപ്പോൾ ഒരു സ്ത്രീക്ക് കഴിഞ്ഞു എന്ന് വരില്ലല്ലോ….. ചേച്ചിയെ പോലെ ദുർബലമായ ഒരു സ്ത്രീക്ക് വീട്ടിൽ പറയുന്നതിനപ്പുറം ഒന്നും ചിന്തിക്കാൻ കഴിഞ്ഞില്ല, എങ്കിലും ചേച്ചിയുടെ അവസ്ഥകളെ പറ്റി ഒക്കെ അമ്മയോട് ചേച്ചിയുടെ അമ്മ പറയുമ്പോൾ ഓർക്കാറുണ്ട് അലക്സ് ചേട്ടായി ആയിരുന്നുവെങ്കിൽ എത്ര കാര്യമായി ചേച്ചിയെ നോക്കിയേനെ എന്ന്…..
പണ്ട് പഠനത്തിൽ പിന്നോക്കം നിന്ന സമയത്ത് ചാച്ചൻ ആണ് നിർബന്ധിച്ച് അലക്സ് ചേട്ടായിയുടെ ട്യൂഷൻ സെൻററിൽ കൊണ്ടുപോയി വിടുന്നത്….. ചേട്ടായി പിജി കഴിഞ്ഞ ഒരു വ്യക്തിയാണ്, എൽ എൽ ബി യും എടുത്തിട്ടുണ്ട് എന്നാണ് പറയുന്നത്….. പക്ഷേ ഇതുവരെ കൊട്ടിട്ട് പോയോ കോടതിയിൽ പോയോ ഒന്നും കണ്ടിട്ടില്ല, എങ്കിലും പാർട്ടി ഓഫീസിലെ രാഷ്ട്രീയപരമായ കാര്യങ്ങളിലൊക്കെ തന്നെ നിയമ അറിവ് ഉപയോഗിക്കാറുണ്ട് എന്ന് അറിഞ്ഞിട്ടുണ്ട്….. ഇംഗ്ലീഷ് ആണ് പഠിപ്പിക്കുന്നത്…. ട്യൂഷൻ സെൻററിൽ ആയിരുന്നു ഇംഗ്ലീഷ് പഠിപ്പിക്കുന്നത്…..
ഞങ്ങളുടെ വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങൾ ഒക്കെ അറിയാവുന്നതുകൊണ്ട് ചാച്ചൻ എന്നെക്കൊണ്ട് ട്യൂഷൻ സെൻററിൽ വിട്ടപ്പോൾ ഒരു രൂപ പോലും ചേട്ടായി വാങ്ങിയിരുന്നില്ല, എന്നോടൊപ്പം ഉണ്ടായിരുന്നു സ്വന്തം പെങ്ങളാണെന്ന് പോലും നോക്കാതെ ഞങ്ങളെ രണ്ടുപേരെയും എഴുന്നേൽപ്പിച്ചു നിർത്തി ഇംഗ്ലീഷ് പഠിക്കാത്തതിന് അടിക്കുകയും വഴക്ക് പറയുകയും ഒക്കെ ചെയ്തിട്ടുണ്ട്…… എങ്കിലും പുറത്തുവച്ച് കാണുമ്പോൾ എപ്പോഴും ഒരു പുഞ്ചിരി നൽകാറുണ്ടായിരുന്നു, ആദ്യമൊക്കെ ചേട്ടായിയെ കാണുമ്പോൾ താടി ഒന്നുമില്ലാതെ നല്ല കട്ടിമീശ ആയിരുന്നു, ഒരുപക്ഷേ ഈ പ്രണയ നഷ്ടത്തിന് ശേഷമായിരിക്കും താടി….
പിന്നെ കണ്ടപ്പോൾ എല്ലാം ആ മുഖത്തെ ആവരണം ചെയ്ത താടി ഉണ്ടായിരുന്നു, താൻ ഇപ്പോൾ നഴ്സിങ് പൂർത്തിയാക്കിയിട്ട് ഏകദേശം ആറുമാസം ആയിരിക്കുന്നു…. എല്ലാവരും ബിഎസ്സി നേഴ്സിങ് പഠിച്ചപ്പോൾ തന്നെ ജനറൽ നേഴ്സിങ് വിടാൻ ഉള്ള കഴിവേ ചാച്ചനും ഉണ്ടായിരുന്നുള്ളൂ… ഇന്നത്തെക്കാലത്ത് ഒരു ജനറൽ നഴ്സിനെ ആർക്കും വേണ്ട എന്നുള്ള സത്യം തനിക്ക് പിന്നീടാണ് മനസ്സിലായത്, ബിഎസ്സി പഠിച്ച നിരവധി ആളുകൾ നിൽക്കുമ്പോൾ ആരാണ് ജനറൽ നഴ്സിംഗ് ഉള്ള ആളുകളെ വിളിക്കാൻ നിൽക്കുന്നത്…. പലയിടത്തും ജോലി അന്വേഷിച്ചുവെങ്കിലും ജോലി ലഭിക്കാതെ വന്നപ്പോൾ വിഷമമായി, അവസാനം ഒരു തുണിക്കടയിൽ സെയിൽസ് ഗേൾ ആയി വരെ പോകാൻ തുടങ്ങി രാത്രി ഏറെ വൈകി വരാൻ സാധിക്കും എന്നുള്ളത് കൊണ്ടാണ് ആ ജോലി ഉപേക്ഷിച്ചത്, ഇപ്പോൾ ഒരു ജോലി അത്യാവശ്യമാണ്,
അതുകൊണ്ട് ആഗ്രഹിക്കുന്നത് വേണമെന്ന് ഒന്നുമില്ല എന്തെങ്കിലും അലക്സ് ചേട്ടായി വിചാരിച്ചാൽ സാധിക്കും എന്ന് ഉറപ്പായിരുന്നു…. വീട്ടിലെ അവസ്ഥയും ലോണിന്റെ കാര്യവും ഓർത്തപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി, അമ്മ വന്നിട്ട് വിളിച്ചപ്പോഴാണ് ഭക്ഷണം കഴിക്കാനുള്ള നേരം ആയെന്ന് ഓർത്തത്… ഉച്ചയ്ക്കത്തെ ഭക്ഷണം വയറുനിറച്ചു കഴിച്ചത് കൊണ്ടായിരിക്കും വിശപ്പില്ല ഭക്ഷണം വേണ്ട എന്നു പറഞ്ഞ് ലൈറ്റണച്ച് കിടന്നു, പിറ്റേ ദിവസം പാലമറ്റത്ത് പോകുന്നതും അലക്സ് ചേട്ടായി ഒരു ജോലി നൽകി സഹായിക്കണമെന്നും ഒക്കെ കൊന്ത ചൊല്ലികൊണ്ടാണ് ഉറങ്ങിയത്, ഉറക്കത്തിനിടയിൽ കൊന്ത പൂർത്തിയാക്കും മുൻപേ എപ്പോഴോ കണ്ണുകളടഞ്ഞു….
രാവിലെ അതിരാവിലെ തന്നെ ഉണർന്നു, ഉണർന്നപ്പോൾ ഒരു സമാധാനം ഒക്കെ തോന്നുകയും ചെയ്തിരുന്നു… നേരെ അടുക്കളയിലേക്കു ചെന്നു, അമ്മ രാവിലെ ഫുഡ് ഉണ്ടാക്കാൻ ഉള്ള തയ്യാറെടുപ്പിലാണ്…. ചാച്ചനും വെളുപ്പിനെ പോണം, ഇന്ന് ഏതായാലും എന്നോടൊപ്പം ചാച്ചൻ വരാം എന്ന് പറഞ്ഞതുകൊണ്ട് അവിടെ രാവിലെ അവധി പറഞ്ഞിട്ടുണ്ടാകും എന്ന് ഊഹിച്ചു, അടുപ്പിൻറെ അരികിലായി ഒരു സ്റ്റീൽ പാത്രത്തിൽ വച്ചിരുന്ന കാപ്പി എടുത്തു ഗ്ലാസിലേക്ക് ഒഴിച്ച് ചാച്ചന്റെ അടുത്തേക്ക് ചെന്നു, ” വേഗം ഒരുങ്ങിക്കോ മോളെ, ചാച്ചനേ നിന്നെ അവിടെ കൊണ്ടുപോയി തിരിച്ചുവിട്ടിട്ട് വേണം പോകാൻ….
ചാച്ചൻ പറഞ്ഞപ്പോൾ പെട്ടെന്ന് സമ്മതം അറിയിച്ചു കുളിക്കാനായി പോയി, കുളിച്ച് തയ്യാറായി ഇറങ്ങിയപ്പോഴേക്കും പുട്ടും പയറും പപ്പടവും റെഡിയാക്കിരുന്നു…. റേഷൻ കടയിൽ നിന്ന് പച്ചരിയും പയറും വാങ്ങുന്നോണ്ട് പല ദിവസവും രാവിലെ ഇതാണ്…. പുട്ടും പയറും പപ്പടവും കൂട്ടി കഴിച്ചതിനുശേഷം സർട്ടിഫിക്കറ്റുകൾ അടങ്ങിയ ഫയൽ നെഞ്ചോട് ചേർത്ത് ചാച്ചന്റെ ഒപ്പം നടക്കുമ്പോൾ ഉള്ളിൽ ഒരു പ്രതീക്ഷ എവിടെയോ നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു…. തുടരും…❤️
Comments are closed.