സ്ത്രീകളിലെ ഹൃദയാഘാതം പുരുഷന്മാരിലുണ്ടാകുന്നതിനേക്കാൾ അപകടകരം; കരുതൽ കൂടുതൽ നൽകാം

സ്ത്രീകളിൽ ഉണ്ടാകുന്ന ഹൃദയാഘാതം അറിയാതെ പോകുന്നതിന്റെ ഫലമായാണ് ജീവൻ പോലും നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് എത്തുന്നത്. ഇന്ത്യൻ ഹാർട്ട് അസോസിയേഷന്റെ കണക്കനുസരിച്ച്, സ്ത്രീകളിൽ 25% മരണങ്ങളും ഹൃദയാഘാതം മൂലമാണ് സംഭവിക്കുന്നത്. സ്ത്രീകളിൽ ഹൃദയാഘാതത്തിന് കാരണമെന്താണെന്നും ഹൃദയാഘാതത്തിനുശേഷം സ്ത്രീകൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണെന്നും പരിശോധിക്കാം.

ഹൃദയപേശികളുടെ ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും തകരാർ സംഭവിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് ഹൃദയാഘാതം. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് ഹൃദയാഘാതത്തിന് ശേഷം മോശമായ ഫലങ്ങൾ ഉണ്ടാകുന്നത് എന്ന് ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുള്ളതാണ്.

പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണ് ഹൃദയാഘാതം മൂലം മരിക്കാനുള്ള സാധ്യത കൂടുതലായി കാണപ്പെടുന്നത്. ഇതുകൂടാതെ ഹൃദയസ്തംഭനം, സ്ട്രോക്ക്, ആവർത്തിച്ചുള്ള ഹൃദയാഘാതം തുടങ്ങിയ സങ്കീർണതകൾ പിന്നീട് ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ് എന്ന് നോയിഡയിലെ മെട്രോ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിലെ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റായ ഡോ. സമീർ ഗുപ്ത പറഞ്ഞു.

സ്ത്രീകളിൽ ഹൃദയാഘാതത്തിന് വ്യത്യസ്ത ലക്ഷണങ്ങളാണ് കാണിക്കാറുള്ളത്. ഇത് തിരിച്ചറിയാൻ കാലതാമസമെടുക്കുകയും ചെയ്യുന്നു. പുരുഷന്മാർക്ക് സാധാരണയായി നെഞ്ചുവേദനയോ അസ്വസ്ഥതയോ പ്രധാന ലക്ഷണമായി അനുഭവപ്പെടുമ്പോൾ സ്ത്രീകൾക്ക് ക്ഷീണം, ശ്വാസ തടസ്സം, ഓക്കാനം, ഛർദ്ദി, തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടാകുക. അതുകൊണ്ടുതന്നെ ഈ ലക്ഷണങ്ങൾ മറ്റ് രോഗാവസ്ഥകളായി തെറ്റിദ്ധരിക്കപ്പെടാം. ഇത് വൈദ്യസഹായം തേടുന്നതിൽ താമസമുണ്ടാക്കുകയും ചെയ്യുന്നു.

സ്ത്രീകൾ അവരുടെ സ്വന്തം ആരോഗ്യത്തേക്കാൾ കൂടെയുള്ളവരെ പരിചരിക്കുന്നതിലാണ് ശ്രദ്ധ ചെലുത്തുന്നത്. ചിലപ്പോൾ ഇത് ഗുരുതരമല്ലെന്ന് കരുതി തള്ളിക്കളയുകയോ മറ്റുള്ളവരോട് പറയാതിരിക്കുകയോ ചെയ്യുന്നത് പതിവാണ്. സമൂഹത്തിൽ നിന്നും മറ്റ് ജോലികളിൽ നിന്നും നേരിടുന്ന ടെൻഷനും ആഘാതങ്ങളും ഉള്ളിൽ തന്നെ ഒതുക്കുന്നതോടെ സ്ട്രെസ്സ് ഹോർമോണിന്റെ അളവ് കൂടുന്നു.

സ്ത്രീകളുടെ ഹോർമോൺ പ്രവർത്തനങ്ങളെ കുറിച്ചും അത് ഹൃദയാരോഗവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ കുറിച്ചും ഡോ ഗുപ്ത പറയുന്നതിങ്ങനെ, സ്ത്രീകളിൽ ഉയർന്ന അളവിൽ കാണപ്പെടുന്ന ഈസ്ട്രജൻ ഹൃദയ സംരക്ഷണം നൽകുന്നതാണ്. എന്നിരുന്നാലും, ആർത്തവവിരാമ സമയത്ത്, ഈസ്ട്രജന്റെ അളവ് കുറയുമ്പോൾ, സ്ത്രീകളിൽ ഹൃദ്രോഗത്തിന് സാധ്യത കൂടുന്നു. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകൾക്ക് പിന്നീട് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുകയാണ്.

ലക്ഷണങ്ങൾ എന്തു തന്നെയായാലും ചികിത്സ പിന്നീടാവട്ടെ എന്ന് പറ‍ഞ്ഞു മാറ്റി വെയ്ക്കുന്നത് ആദ്യം ഒഴിവാക്കുകയാണ് വേണ്ടത്. സ്ത്രീകള്‍ കൂടെയുള്ളവരെ പരിചരിക്കാനെടുക്കുന്ന പരിശ്രമം സ്വന്തം ആരോഗ്യ കാര്യത്തിൽ കൂടിയെടുത്താൽ ജീവൻ നഷ്ടപ്പെടുന്ന പല സാഹചര്യങ്ങളിൽ നിന്നും രക്ഷനേടാൻ കഴിയും എന്നതിൽ സംശയമില്ല.

Comments are closed.