ട്രയംഫിനും ഹാര്‍ലിക്കും മറുപടി റെഡി ; റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലുകള്‍ ഉടന്‍
പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളായ ഹാര്‍ലി ഡേവിഡ്സണും ട്രയംഫും ബഡ്ജറ്റ് ഫ്രണ്ട്‌ലി മോഡലുകള്‍ പുറത്തിറക്കി നിരത്തുകള്‍ പിടിച്ചടക്കാന്‍ ഒരുങ്ങുകയാണ്. ഈ നീക്കം റോയല്‍ എന്‍ഫീല്‍ഡിന് ശക്തമായ തിരിച്ചടിയാകുമെന്നാണ് പൊതുവേയുളള വിലയിരുത്തല്‍. എന്നാല്‍ എന്‍ഫീല്‍ഡ് വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.
ഒരു വര്‍ഷത്തിനുള്ളില്‍ എന്‍ഫീല്‍ഡ് 350-450 സിസി സെഗ്മെന്റില്‍ പുതിയ മോഡലുകള്‍ പുറത്തിറക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. സെപ്തംബര്‍ ആദ്യം ജെ1ബി എന്ന് കോഡ് നെയിമുള്ള പുതിയ ബുള്ളറ്റ് പുറത്തിറക്കുന്നതിന് പുറമെ, റോയല്‍ എന്‍ഫീല്‍ഡ് 6-8 ആഴ്ചകള്‍ക്കുള്ളില്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനോടുകൂടിയ പുതിയ ഹിമാലയനും (കെ1ജി) പുറത്തിറക്കും.
ഈ മോഡലുകള്‍ക്ക് പുറമെ , 440 സിസി സ്‌ക്രാം (ഡി4കെ) മോഡലും ഒരു വര്‍ഷത്തിനുള്ളില്‍ ലോഞ്ച് ചെയ്യാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷമായി എന്‍ഫീല്‍ഡ് തങ്ങളുടെ പുതിയ മോഡലുകളുടെ വിപുലീകരണ പദ്ധതികളിലായിരുന്നു.
ഉയര്‍ന്ന ക്യൂബിക് കപ്പാസിറ്റിയായിരിക്കും എന്‍ഫീല്‍ഡിന്റെ പുതിയ മോഡലുകളുടെ മറ്റൊരു സവിശേഷത. ആര്‍-പ്ലാറ്റ്‌ഫോം അധിഷ്ഠിതമായ 750സിസി ബൈക്കും ഇലക്ട്രിക് എല്‍-പ്ലാറ്റ്‌ഫോമും 2025 ഓടെ കമ്പനി പുറത്തിറക്കുമെന്നാണ് സൂചന.
നിലവില്‍ എന്‍ഫീല്‍ഡ് പ്രീമിയം മോട്ടോര്‍സൈക്കിളുകളില്‍ പ്രതിവര്‍ഷം ഏകദേശം ഒരു ദശലക്ഷം യൂണിറ്റുകള്‍ വില്‍ക്കുന്നുണ്ട്. പുതിയ മോഡലുകളുടെ വരവോടെ കമ്പനി തന്റെ എതിരാളികളെ മറികടക്കും എന്നാണ് വിലയിരുത്തല്‍.
Comments are closed.