ടൊയോട്ട കാർ വാങ്ങാൻ ഒരുങ്ങുകയാണോ; വാഹനങ്ങളുടെ വില വർധിപ്പിച്ച് കമ്പനി
ടൊയോട്ട ഇന്ത്യ തങ്ങളുടെ മുഴുവൻ കാറുകളുടെയും എസ്‌യുവികളുടെയും വില വർധിപ്പിച്ചു. 2023 ജൂലൈ അഞ്ച് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. ഈ സാമ്പത്തിക വർഷത്തിൽ ഇത് രണ്ടാം തവണയാണ് ടൊയോട്ട വില വർധിപ്പിക്കുന്നത്.
വില വർധനവിന്റെ കാരണം സംബന്ധിച്ച വിശദാംശങ്ങൾ നിർമ്മാതാവ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇൻപുട്ട് ചെലവിൽ വന്ന വർധനവാണ് ടൊയോട്ടയുടെ പുതിയ നീക്കത്തിന് കാരണം എന്നാണ് സൂചന. എന്നാൽ ഉപഭോക്താക്കളെ അമിതമായി ബാധിക്കാത്ത തരത്തിലായിരിക്കും വില വർധനവെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ 18.55 ലക്ഷം രൂപ വില വന്നിരുന്ന ഇന്നോവ ഹൈക്രോസിന് 18.82 ലക്ഷം രൂപയാണ് കമ്പനി വില നിശ്ചയിച്ചിരിക്കുന്നത്. അതുപോലെ, അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ വില ഇപ്പോൾ 10.86 ലക്ഷം രൂപയായിരിക്കുന്നു. അതേസമയം ഫോർച്യൂണർ എസ്‌യുവി 32.99 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. കമ്പനിയുടെ വാഹനങ്ങളിൽ ഉടനീളം മുമ്പത്തേക്കാൾ 1.5 മുതൽ രണ്ട് ശതമാനം വരെ വർധനവുണ്ട്.
ഗ്ലാൻസ, അർബൻ ക്രൂയിസർ ഹൈറൈഡർ, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ്, ഫോർച്യൂണർ, ലെജൻഡർ, കാമ്രി, വെൽഫയർ എന്നിവയാണ് ടൊയോട്ടയുടെ ശ്രേണിയിലെ പ്രധാന വാഹനങ്ങൾ. 2023 ജൂണിൽ, കമ്പനി 19,608 യൂണിറ്റുകളുടെ വിൽപ്പന നടത്തി. 2022 ജൂണിനെ അപേക്ഷിച്ച് 19 ശതമാനം വർധനവാണ് വിലയിൽ ഉണ്ടായിരിക്കുന്നത്.
Comments are closed.