ഒരാഴ്ചക്കുള്ളിൽ 10 കോടിയിലേറെ ഉപയോക്താക്കളുമായി ‘ത്രെഡ്സ്’; ചാറ്റ് ജിപിടിയുടെ റെക്കോർഡ് വരെ തകർത്ത് ട്വിറ്ററിന്റെ എതിരാളി
ലോഞ്ച് ചെയ്ത് വെറും അഞ്ച് ദിവസത്തിനുള്ളിൽ 10 കോടിയിലേറെ ഉപയോക്താക്കളെ മറികടന്ന് മെറ്റയുടെ ‘ത്രെഡ്സ്’. മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ വളർച്ചയാർജിക്കുന്ന ആദ്യ ആപ്ലിക്കേഷനായി ത്രെഡ്സ് മാറി. ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി നേരത്തെ ചുരുങ്ങിയ സമയംകൊണ്ട് 10 കോടി ഉപഭോക്താക്കള്‍ മറികടന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. എന്നാൽ ആ നാഴികക്കല്ലിൽ എത്താൻ ചാറ്റ് ജിപിടിയ്ക്ക് രണ്ട് മാസം വേണ്ടിവന്നിരുന്നു.
ഇന്ത്യയുൾപ്പെടെ 100 രാജ്യങ്ങളിൽ കഴിഞ്ഞയാഴ്ചയാണ് പുതിയ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോം ആരംഭിച്ചത്. മണിക്കൂറുകൾക്കുള്ളിൽ ആപ്പ് ആളുകൾക്കിടയിൽ ഹിറ്റായി മാറുകയും 24 മണിക്കൂറിനുള്ളിൽ 30 ദശലക്ഷം ഉപയോക്താക്കളെ നേടുകയും ചെയ്തിരുന്നു. ഇതോടെ ഏറ്റവും വേഗത്തിൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന ആപ്പായി ത്രെഡ്സ് മാറി.
ട്വിറ്ററിന്റെ കൊലയാളി എന്ന് വിളിക്കപ്പെടുന്ന, ത്രെഡ്‌സ് ആപ്പിൽ ഉപയോക്താക്കൾക്ക് ടെസ്റ്റും ലിങ്കും ഷെയർ ചെയ്യാനും ഉപയോക്താക്കളിൽ നിന്നുള്ള പോസ്റ്റുകൾക്ക് മറുപടി നൽകുകയോ റീപോസ്‌റ്റ് ചെയ്യുകയോ ചെയ്‌ത് സംഭാഷണങ്ങളിൽ ഏർപ്പെടാനും സാധിക്കും.
യുകെയിലും യുഎസിലുമുള്ള ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ലഭിക്കുന്ന ഏറ്റവും മികച്ച സൗജന്യ ആപ്ലിക്കേഷനാണ് ത്രെഡ്സ് എന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്. അതേസമയം, ഏറ്റവും വേഗത്തിൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന ആപ്പായി ത്രെഡ്സ് മാറുമെന്നും അടുത്ത രണ്ട് മാസത്തിനുള്ളിൽ 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ മറികടക്കുകയും ചെയ്യുമെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
500 അക്ഷരങ്ങൾ വരെയുള്ള പോസ്റ്റുകളും 5 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകളും പങ്കിടാൻ ത്രെഡുകൾ നിലവിൽ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. ഹാഷ്‌ടാഗുകൾ, കീവേഡുകൾ, നേരിട്ടുള്ള സന്ദേശങ്ങൾ, ഡെസ്‌ക്‌ടോപ്പ് പതിപ്പ് എന്നിങ്ങനെ ട്വിറ്ററിൽ നിലവിലുള്ള നിരവധി പ്രധാന പ്രവർത്തനങ്ങൾ മെറ്റാ-ബാക്ക്ഡ് ആപ്ലിക്കേഷനിൽ ലഭ്യമല്ല എന്നതാണ് കുറവായി കണക്കാക്കുന്നത്.
അവതരിക്കപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ലോകമെമ്പാടും ട്രെൻഡിങ് ആയി എന്നതാണ് ത്രെഡ്‌സിന്റെ പ്രത്യേകത. ഓരോ ഫീച്ചറുകളും താരതമ്യപ്പെടുത്തലും തുടങ്ങി ലോഗോ വരെ ചർച്ച ചെയ്യപ്പെട്ടു തുടങ്ങി കഴിഞ്ഞു. മലയാളം യുണീകോഡ് ലിപിയിലെ ‘ത്ര’യോടും ‘ക്ര’യോടും ലോഗോയ്ക്ക് സാമ്യമുണ്ടെന്ന് ചില മലയാളികളും തമിഴിലെ ‘കു’ പോലെയാണ് ലോഗോ എന്ന് ചില തമിഴ്നാട്ടുകാരും പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. ലോഗോ കാണാൻ ‘@’ ചിഹ്നം പോലെയുണ്ടെന്നും ജിലേബി പോലെയുണ്ടെന്ന് വരെ പറഞ്ഞവരുമുണ്ട്
Comments are closed.