അപൂർവ രോഗം ബാധിച്ച 40 കുട്ടികൾക്ക് സൗജന്യമായി മരുന്ന് നൽകിയതായി വീണാ ജോർജ്
തിരുവനന്തപുരം : അപൂർവ രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 40 പേർക്ക് സൗജന്യ മരുന്ന് വിതരണം ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. ഒരു വയലിന് 6 ലക്ഷം രൂപ വീതം വിലവരുന്ന 450 യൂണിറ്റ് മരുന്നുകളാണ് നൽകിയത്. ഇന്ത്യയിൽ ആദ്യമായാണ് സംസ്ഥാനത്ത് കഴിഞ്ഞ വർഷം ജൂലൈ 16 മുതൽ മരുന്ന് നൽകുന്നത്. ക്രൗഡ് ഫണ്ടിംഗ് മുഖേന മരുന്നുകളും സർക്കാർ ഫണ്ട് മുഖേന ചികിത്സയ്ക്ക് വേണ്ട അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് മേഖലകളായി തിരിച്ച് തിരുവന്തപുരം എസ്.എ.ടി. ആശുപത്രി വഴിയും കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രവും വഴി മരുന്ന് വിതരണം നടത്തിയതായി മന്ത്രി വ്യക്തമാക്കി.
എസ്.എ.ടി. ആശുപത്രിയെ സെന്‍റർ ഒഫ് എക്സലൻസായി അടുത്തിടെ കേന്ദ്രം ഉയർത്തിയിരുന്നു. സെന്‍റർ ഒഫ് എക്സലൻസ് പദ്ധതി വഴിയുള്ള ചികിത്സയ്ക്കായി 3 കോടി രൂപ ലഭ്യമായിട്ടുണ്ട്. സെന്‍റർ ഒ എക്സലൻസ് വഴി അപൂർവ രോഗങ്ങളുള്ള 153 പേർ രജിസ്റ്റർ ചെയ്തു. സെന്‍റർ ഒഫ് എക്സലൻസ് പദ്ധതി വഴി ടെക്നിക്കൽ കമ്മിയുടെ പരിശോധനയും മാർഗനിർദേശ പ്രകാരവും അർഹരായ രോഗികൾക്ക് അതത് ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കും.
അപൂർവ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കായി സർക്കാർ പ്രത്യേക പ്രാധാന്യമാണ്. ഇതിന്റെ ഭാഗമായി ആദ്യമായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ എസ്.എം.എ. ക്ലിനിക് ആരംഭിച്ചു. അതിന് പിന്നാലെ വിലപിടിപ്പുള്ള മരുന്നുകൾ നൽകാനുള്ള പദ്ധതി ആവിഷ്കരിച്ചു. ഇതുകൂടാതെ എസ്.എം.എ. കുട്ടികളിൽ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സർക്കാർ മേഖയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരംഭിച്ചു. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവുള്ള ശസ്ത്രക്രിയയാണ് മെഡിക്കൽ കോളേജിൽ സൗജന്യമായി നടത്തിയത്. മെഡിക്കൽ കോളേജുകളിൽ ആദ്യമായി എസ്.എ.ടി. ആശുപത്രിയിൽ ജനറ്റിക്സ് ഡിപ്പാർട്ട്മെന്റ് സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുന്നതായി മന്ത്രി അറിയിച്ചു
Comments are closed.