സ്ത്രീ സുരക്ഷയിൽ സ്വന്തം സർക്കാരിന്റെ പരാജയത്തെ ചോദ്യം ചെയ്തു: രാജസ്ഥാനിൽ മന്ത്രിയെ പുറത്താക്കി
ജയ്പുർ: സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിൽ സ്വന്തം സർക്കാരിന്റെ പരാജയത്തെ ചോദ്യം ചെയ്തതിനു രാജസ്ഥാനിൽ മന്ത്രിയെ പുറത്താക്കി. ഗ്രാമവികസന, പഞ്ചായത്തിരാജ് സഹമന്ത്രി രാജേന്ദ്ര സിങ് ഗുഢയ്ക്കെതിരേയാണു മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നടപടിയെടുത്തത്. ഗുഢയെ അടിയന്തരമായി മന്ത്രിസ്ഥാനത്തു നിന്നു നീക്കം ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിച്ചതായി ഗവർണർ കൽരാജ് മിശ്ര അറിയിച്ചു.
ഭരണകക്ഷിയായ കോൺഗ്രസിലെ അംഗങ്ങൾ നിയമസഭയിൽ മണിപ്പുർ വിഷയം ഉന്നയിച്ചതിനിടെ സ്വന്തം പിന്നാമ്പുറത്തേക്കും തിരിഞ്ഞുനോക്കണമെന്നു പറഞ്ഞതാണു ഗുഢയെ പുറത്താക്കുന്നതിലേക്കു നയിച്ചത്. “”സ്ത്രീകൾക്കു സുരക്ഷ ഉറപ്പാക്കുന്നതിൽ നമ്മളും പരാജയപ്പെട്ടുവെന്നതാണ് സത്യം. രാജസ്ഥാനിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അനുദിനം വർധിക്കുകയാണ്. മണിപ്പുരിനെക്കുറിച്ചു പറയുന്നതിനു പകരം നമ്മൾ ആത്മ പരിശോധന നടത്തുകയാണു വേണ്ടത്”- സഭയിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി ഗുഢ പറഞ്ഞു. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾ ചർച്ചയാകുന്നില്ലെന്നു ബിജെപി ആരോപിച്ചതിനു പിന്നാലെയാണു രാജസ്ഥാനിൽ കോൺഗ്രസിനെതിരേ സ്വന്തം മന്ത്രിയുടെ ആരോപണം.
Comments are closed.