രാഷ്ട്രീയച്ചൂടിലേക്ക് പുതുപ്പള്ളി
തിരുവനന്തപുരം: ജനസഞ്ചയം ആർത്തലച്ചെത്തിയ വിലാപയാത്രയ്ക്കും സംസ്കാരച്ചടങ്ങിനും ശേഷം ഉമ്മൻചാണ്ടി നിത്യതയിലേക്കു മടങ്ങിയതോടെ പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ചർച്ചകളിലേക്കു കേരളം കടന്നു. 52 വർഷം ഉമ്മൻ ചാണ്ടി തുടർച്ചയായി പ്രതിനിധാനം ചെയ്ത പുതുപ്പള്ളിയിലെ ഒഴിവ് തെരഞ്ഞെടുപ്പു കമ്മിഷനെ അറിയിച്ചിട്ടുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ്, 6 മാസത്തിനകം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.
രാഹുൽ ഗാന്ധി ഒരാഴ്ചത്തെ ആയുർവേദ ചികിത്സയ്ക്ക് കോട്ടയ്ക്കലിൽ പ്രവേശിച്ചതോടെ അവിടെ ഉപതെരഞ്ഞെടുപ്പ് ആലോചനകളുമുണ്ടാവും. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് തന്നെയാണ് യുഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ മുൻതൂക്കം. മകൻ ചാണ്ടി ഉമ്മനാണോ മകൾ അച്ചു ഉമ്മനാണോ കളത്തിലിറങ്ങുക എന്ന് കുടുംബം തീരുമാനിച്ചാൽ അത് കോൺഗ്രസ് അംഗീകരിക്കും. രാഹുലുമായി അടുപ്പമുള്ള ചാണ്ടി ഉമ്മനെ പാർലമെന്റിൽ എത്തിക്കാനാണ് ഹൈക്കമാൻഡിന് താല്പര്യം. ഈയിടെ ബംഗളൂരുവിൽ നടന്ന ദേശീയ കോൺഗ്രസ് നേതൃയോഗത്തിൽ ഉമ്മൻ ചാണ്ടിക്ക് പകരം പങ്കെടുത്ത ചാണ്ടി ഉമ്മനെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ “അടുത്ത പാർലമെന്റിലെ യുവശബ്ദം’ എന്നാണ് വിശേഷിപ്പിച്ചത്.
അച്ചു ഉമ്മന്റെ പേര് ഉയരുന്നത് ഈ സാഹചര്യത്തിലാണ്. കെഎസ്യു നേതാവായിരിക്കേ കോട്ടയവും പുതുപ്പള്ളിയും കേന്ദ്രീകരിച്ചു നടത്തിയ പ്രവർത്തനങ്ങൾ മുതൽക്കൂട്ടാവും. ഗൾഫിൽ കുടുംബസമേതം താമസിച്ച് ബിസിനസ് നടത്തുന്ന അച്ചു അതുപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കു തിരിച്ചെത്തുമോ എന്ന് വ്യക്തമല്ല. മൂത്ത മകളായ മറിയം രാഷ്ട്രീയ താത്പര്യങ്ങൾ പ്രകടിപ്പിച്ചിട്ടില്ല.
കുടുംബക്കാരല്ലെങ്കിൽ ഉമ്മൻചാണ്ടിയുടെ വിശ്വസ്തരായിരുന്ന യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, പുതുപ്പള്ളി ഉൾപ്പെടുന്ന മേഖലയിലെ ജില്ലാ പഞ്ചായത്ത് അംഗം നിബു ജോൺ തോമസ്, കോട്ടയം ഡിസിസി മുൻ പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവരിലൊരാൾ വരാനാണിട.
കോട്ടയം പാർലമെന്റ് മണ്ഡലം യുഡിഎഫിന്റേതായിരുന്നെങ്കിലും കേരളാ കോൺഗ്രസ് (എം) മുന്നണി വിട്ടതോടെ എൽഡിഎഫിന്റേതാണ്. അത് തിരിച്ചുപിടിക്കാൻ ചാണ്ടി ഉമ്മന് കഴിയുമെന്നു കരുതുന്നവരുണ്ട്. നിലവിലെ സഹതാപ തരംഗം പ്രയോജനപ്പെടുത്തിയാൽ കോൺഗ്രസിന് കോട്ടയത്ത് എംപി ഉണ്ടാവുമെന്നാണ് അക്കൂട്ടരുടെ നിലപാട്.
എൽഡിഎഫിന് പുതുപ്പള്ളിയിലെ സ്ഥിതി മെച്ചപ്പെടുത്താനാവും എന്നായിരിക്കും പ്രതീക്ഷ. സഹതാപ വോട്ടുകൾ വിജയം നിർണയിക്കാനിടയുള്ളതിനാൽ കഴിഞ്ഞ തവണത്തെ എതിരാളിയും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ജയ്ക് സി. തോമസിനെ വീണ്ടും മത്സരിപ്പിക്കണോ എന്ന ചോദ്യം ഉയരും.
Comments are closed.