ത്രെഡ്സിന്റെ ഡിമാൻഡ് ഇടിഞ്ഞു; ഉണ്ടായത് 82 ശതമാനത്തിന്റെ കുറവ്: സക്കർബർഗ് പോലും ഉപയോഗിക്കുന്നില്ല

മെറ്റയുടെ ഏറ്റവും പുതിയ പ്ലാറ്റ്‌ഫോമായ ത്രെഡ്സ് കഴിഞ്ഞ മാസമാണ് ലോഞ്ച് ചെയ്തത്. ആദ്യദിനങ്ങളിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻകുതിപ്പായിരുന്നു. എന്നാൽ ആ കുതിപ്പ് തുടരാൻ പ്ലാറ്റ്‌ഫോമിന് കഴിയാത്ത അവസ്ഥയാണുള്ളത്. ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം ത്രെഡ്‌സിന്റെ പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണത്തിൽ, ആരംഭിച്ചതിൽ നിന്ന് 82 ശതമാനം കുറവാണ് സംഭവിച്ചിരിക്കുന്നത് എന്ന് സെൻസർ ടവർ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ എൺപത് ലക്ഷം ഉപയോക്താക്കൾ മാത്രമാണ് ആപ്പ് ഉപയോഗിച്ചത്. ആപ്പ് ലോഞ്ച് ചെയ്തതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ സംഖ്യ ആണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആദ്യനാളുകളിൽ ആപ്പിന് ഏകദേശം 44 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ടായിരുന്നു.

ഉപയോക്താക്കൾ മെറ്റ വഴി ത്രെഡ്‌സ് ആപ്പ് തുറക്കുന്നത് വളരെ കുറവാണെന്നും സെൻസർ ടവർ റിപ്പോർട്ട് ചെയ്യുന്നു. ലോഞ്ച് സമയത്ത്, ആവറേജ് 19 മിനിറ്റ് സ്ക്രോളിംഗ് ടൈം ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ അത് പ്രതിദിനം 2.9 മിനിറ്റ് മാത്രമായി കുറഞ്ഞിരിക്കുന്നു.

സിമിലർവെബ് എന്ന മറ്റൊരു റിസർച്ച് അനലിസ്റ്റ് സ്ഥാപനവും ഇതിന് സമാനമായ റിപ്പോര്‍ട്ട് പങ്കുവെച്ചിട്ടുണ്ട്. ആപ്പിലെ ഉപയോക്താക്കളുടെ എണ്ണം ജൂലൈ ഏഴിന് ഏകദേശം 49 ദശലക്ഷത്തിലെത്തി. ജൂലൈ 29-ഓടെ അത് 11 ദശലക്ഷമായി കുറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് ഏറ്റവും കുത്തനെ ഇടിവ് സംഭവിച്ചതെന്ന് സിമിലർവെബ് പറയുന്നു.

ശ്രദ്ധേയമായ വസ്തുത എന്തെന്നാൽ മെറ്റ സഹസ്ഥാപകൻ മാർക്ക് സക്കർബർഗിന്റെ ത്രെഡ്സ് ഉപയോഗവും കുറഞ്ഞിരിക്കുകയാണ്. അദ്ദേഹം പോസ്റ്റുകൾക്ക് മറുപടി നൽകുന്നുണ്ടെങ്കിലും ലോഞ്ച് സമയത്തെ അപേക്ഷിച്ച് പുതിയ പോസ്റ്റുകൾ പങ്കുവെക്കുന്നത് കുറഞ്ഞു.

ഉപയോക്താക്കളെ ത്രെഡ്സിൽ നിലനിർത്തുന്നതിനുള്ള പദ്ധതികൾ മെറ്റ ആരംഭിച്ചതായാണ് സൂചന. ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് പ്രധാന ത്രെഡുകൾ ലഭ്യമാകുന്ന തരത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനും പദ്ധതിയുള്ളതായി ചീഫ് പ്രൊഡക്റ്റ് ഓഫീസർ ക്രിസ് കോക്സ് നേരത്തെ പറഞ്ഞിരുന്നു.

Comments are closed.