മനുഷ്യരെ ശുക്രനിലേക്ക് അയയ്ക്കാനൊരുങ്ങി ഓഷ്യൻഗേറ്റ് സഹസ്ഥാപകൻ; 2050ഓടെ പദ്ധതി പൂർത്തിയാകും

ഓഷ്യൻഗേറ്റ് സഹസ്ഥാപകനായ ഗില്ലെർമോ സോൺലൈൻ ശുക്രനിലേക്ക് 1,000 മനുഷ്യരെ അയയ്ക്കാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. 2050 ഓടെയായിരിക്കും സോൺലൈനിന്റെ ശുക്രൻ പര്യവേക്ഷണം നടക്കുക എന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു. ശുക്രനിൽ മനുഷ്യവാസം ഒരുക്കുക എന്നത് തന്റെ അഭിലാഷമാണെന്ന് സോൺലൈൻ പറഞ്ഞു. ‘ഇത് അഭിലാഷമാണ്, ഒരുപക്ഷേ 2050 ഓടെ ഇത് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നു,’ സോൺലൈൻ ബിസിനസ് ഇൻസൈഡറിനോട് പറഞ്ഞു.

ശുക്രനിലേക്ക് മനുഷ്യരെ അയയ്ക്കുന്നത് ഓഷ്യൻ ഗേറ്റല്ല, മറിച്ച് തന്റെ മറ്റൊരു കമ്പനിയായ ഹ്യൂമൻസ്2 വീനസ് ആണ് എന്ന് അദ്ദേഹം വ്യക്തമാക്കി. ‘2020-ൽ സ്ഥാപിതമായ കമ്പനി ശുക്രനിൽ മനുഷ്യവാസം ഒരുക്കുക എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു’, എന്നും അദ്ദേഹം പറഞ്ഞു. ‘ഓഷ്യൻഗേറ്റിനെ മറക്കുക. ടൈറ്റനെ മറക്കുക. സ്റ്റോക്ക്ടണിനെ മറക്കുക. മാനവികത ഒരു വലിയ വഴിത്തിരിവിന്റെ വക്കിലാണ്. അതിനെ എതിർക്കാതിരിക്കുക. കാരണം ഒരു സ്പീഷിസ് എന്ന നിലയിൽ നമ്മുടെ വളർച്ചയെ അത് ബാധിക്കും,’ അദ്ദേഹം പറഞ്ഞു.

ശുക്രനിൽ മനുഷ്യന് എങ്ങനെ ജീവിക്കാൻ കഴിയും എന്ന ചോദ്യത്തിന്, ഗ്രഹത്തിന്റെ ഉപരിതലത്തിൽ നിന്ന് ഏകദേശം 30 മൈൽ ഉയരത്തിൽ മനുഷ്യർക്ക് നിലനിൽക്കാൻ സാധ്യതയുള്ള അന്തരീക്ഷമുണ്ടെന്ന് ഗവേഷണത്തെ ഉദ്ധരിച്ച് സോൺലൈൻ പറഞ്ഞു. അവിടെ താപനിലയും മർദ്ദവും കുറവാണെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.