മലയാളത്തിലും ‘താര’മാകാൻ തമൻ; നിവിൻ പോളി ചിത്രത്തിന് സംഗീതമൊരുക്കും
നിവിൻ പോളി നായകനാകുന്ന ‘താരം’ അണിയറയിലാണ്. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രശസ്ത സംഗീത സംവിധായകൻ തമൻ സംഗീതമൊരുക്കും എന്നതാണ് പുതിയ വിവരം. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തെലുങ്ക്, തമിഴ് ഭാഷകളിൽ ഒരുപിടി ഹിറ്റുകളൊരുക്കിയ സംഗീത സംവിധായകൻ്റെ മലയാള സിനിമാ അരങ്ങേറ്റമാണ് താരം. 2022 നവംബറിൽ ആണ് ചിത്രീകരണം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ രാഹുൽ രാജിൻ്റെ പേരായിരുന്നു പറഞ്ഞുകേട്ടിരുന്നതെങ്കിലും പിന്നീട് മാറ്റമുണ്ടാകുകയായിരുന്നു. കോമഡി എന്റർടെയ്നർ ഴോണറിലുള്ളതാണ് സിനിമ. തമിഴിൽ വിജയ് ചിത്രം ‘വാരിസും’ തെലുങ്കിൽ നന്ദമൂരി ബാലകൃഷ്ണയുടെ ‘വീരസിംഹ റെഡ്ഡി’യുമാണ് തമൻ അവസാനമൊരുക്കിയ ചിത്രങ്ങൾ.
ഈ വർഷം സെപ്റ്റംബറിൽ താരത്തിന്റെ ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് നായിക നിഖില വിമൽ അടുത്തിടെ പറഞ്ഞത്. വിവേക് രഞ്ജിത്തിനൊപ്പം വിനയ് ഗോവിന്ദ് കൂടി ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. വിനയ് ഫോർട്ട്, കയാദു ലോഹർ, കൃഷ്ണ ശങ്കർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
Comments are closed.