വ്യാകരണ പിശകുകൾ തിരുത്താൻ ഇനി ഗൂഗിളും; പുതിയ ഫീച്ചർ ഇതാ എത്തി
വിവിധ കാര്യങ്ങൾ തിരയുവാനായി ഗൂഗിൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പലപ്പോഴും ഇന്റർനെറ്റ് സെർച്ചുകളിൽ ഗ്രാമറിന് കൂടുതൽ പ്രാധാന്യം നൽകാറില്ല. ഇത്തവണ ഉപഭോക്താക്കൾക്കുണ്ടാകുന്ന വ്യാകരണ പിശകുകൾ കണ്ടെത്താൻ സഹായിക്കുന്ന പുതിയ ഫീച്ചറുമായാണ് ഗൂഗിൾ എത്തിയിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾ ടൈപ്പ് ചെയ്യുന്ന വാക്യങ്ങളുടെ ഘടന പരിശോധിച്ച് വ്യാകരണ പിശകുകൾ ഉണ്ടെങ്കിൽ ഉപഭോക്താക്കളെ അറിയിക്കുന്നതാണ്. ഇതിനായി പ്രത്യേക ടൂളുകളോ, മറ്റേതെങ്കിലും വെബ്സൈറ്റുകളോ സന്ദർശിക്കേണ്ട ആവശ്യമില്ല.
ഉപഭോക്താവ് ഒരു വാക്യം ടൈപ്പ് ചെയ്ത് തുടങ്ങുമ്പോൾ തന്നെ അവയിൽ പിശകുകൾ ഉണ്ടെങ്കിൽ അവ തിരുത്തിക്കൊണ്ടുള്ള നിർദ്ദേശങ്ങൾ പ്രദർശിപ്പിക്കും. പുതിയ സംവിധാനം ഉപയോഗിക്കുന്നതിനായി grammer check എന്നോ, check grammer എന്നോ ടൈപ്പ് ചെയ്തശേഷം ശരിയാക്കേണ്ട വാക്യം കൂടി നൽകിയാൽ മതിയാകും. വ്യാകരണ പിശകുകൾ ഇല്ലെങ്കിൽ പച്ച നിറത്തിലുള്ള ടിക്ക് ദൃശ്യമാകും. അതേസമയം, ഈ ഫീച്ചർ 100 ശതമാനം കൃത്യത പാലിക്കുകയില്ലെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. ഭാഗിക വാക്യങ്ങളിൽ പിശകുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഭാവിയിൽ ഉപഭോക്താക്കളിൽ നിന്നുള്ള ഫീഡ് ബാക്ക് പരിശോധിച്ച ശേഷം ഫീച്ചർ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുന്നതാണ്. ഉടൻ വൈകാതെ തന്നെ എല്ലാ ഉപഭോക്താക്കളിലേക്കും ഈ ഫീച്ചർ എത്തും
Comments are closed.