അതിവേഗം മുന്നേറി റിലയൻസ് ജിയോ; 5ജി നെറ്റ്‌വർക്ക് വിപുലീകരിക്കാൻ ലഭിച്ചത് കോടികളുടെ ഫണ്ട്

രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ റിലയൻസ് ജിയോ അതിവേഗം മുന്നേറുന്നു. നിലവിൽ, 5ജി നെറ്റ്‌വർക്ക് വിപുലീകരണത്തിന്റെ ഭാഗമായി കോടികളുടെ ഫണ്ടാണ് ജിയോ സ്വന്തമാക്കിയത്. റിപ്പോർട്ടുകൾ പ്രകാരം, സ്വീഡിഷ് കയറ്റുമതി ഏജൻസിയായ ഇ.കെ.എന്നിൽ നിന്നും 220 കോടി ഡോളറിന്റെ ഫണ്ടാണ് ജിയോക്ക് ലഭിച്ചിട്ടുള്ളത്. ആഗോളതലത്തിൽ തന്നെ ഒരു സ്വകാര്യ കോപ്പറേറ്റിന് ഇ.കെ.എൻ നൽകിയ ഏറ്റവും വലിയ പിന്തുണ കൂടിയാണിത്. ആദ്യമായാണ് ഒരു സ്വീഡിഷ് എക്സ്പോർട്ട് ക്രെഡിറ്റ് ഏജൻസിയുമായി ജിയോ കൈകോർക്കുന്നത്.

ഈ ഫണ്ടിൽ നിന്ന് ലഭിക്കുന്ന വരുമാനം ജിയോയുടെ 5ജി വിന്യാസവുമായി ബന്ധപ്പെട്ട് ഉപകരണങ്ങൾക്കും സേവനങ്ങൾക്കും ധനസഹായം നൽകുന്നതിനായി വിനിയോഗിക്കുന്നതാണ്. 5ജി നെറ്റ്‌വർക്ക് വിന്യസിക്കുന്നതിനായി ഇതിനോടകം തന്നെ ജിയോ സ്വീഡിഷ് കമ്പനിയായ എറിക്സണിൽ നിന്നും, ഫിന്നിഷ് കമ്പനിയായ നോക്കിയയിൽ നിന്നും ടെലികോം ഗിയറുകൾ വാങ്ങിയിട്ടുണ്ട്. 2023 മാർച്ച് മാസത്തോടെ രാജ്യത്തുടനീളമുള്ള മൊത്തം 5ജി ബേസ് സ്റ്റേഷനുകളിൽ 80 ശതമാനം വിഹിതം ജിയോയുടെതാണെന്ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ചുരുങ്ങിയ കാലയളവ് കൊണ്ട് രാജ്യത്തെ കൂടുതൽ നഗരങ്ങളിൽ 5ജി വിന്യസിക്കാൻ ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്.

Comments are closed.