റൈഡ് വിത്ത് അയൺ മാൻ; മാർവൽ സൂപ്പർഹീറോ പശ്ചാത്തലത്തിൽ ടിവിഎസ് റൈഡർ സൂപ്പർ സ്ക്വാഡ് അവതരിപ്പിച്ചു

പ്രമുഖ വാഹന നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി തങ്ങളുടെ റൈഡർ സൂപ്പർ സ്ക്വാഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. മാർവൽ സൂപ്പർഹീറോകളുടെ പശ്ചാത്തലത്തിലാണ് ടിവിഎസ് ഈ എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്. ഈ പതിപ്പിൽ അയൺ മാൻ, ബ്ലാക്ക് പാന്തർ എന്നീ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഗ്രാഫിക്സുള്ള രണ്ട് വേരിയന്റുകളാണുള്ളത്. ടിവിഎസ് റൈഡർ സൂപ്പർ സ്‌ക്വാഡ് എഡിഷന്റെ വില 98,919 രൂപയാണ്. ഇത് എല്ലാ ടിവിഎസ് മോട്ടോർ ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്.

അയൺ മാന്റെ ഗ്രാഫിക്‌സ് ഉൾക്കൊള്ളുന്ന ടിവിഎസ് സൂപ്പർ സ്‌ക്വാഡ് പതിപ്പ് ചുവപ്പും കറുപ്പും നിറങ്ങളിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ബ്ലാക്ക് പാന്തറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പതിപ്പിന് കറുപ്പും പർപ്പിൾ നിറവുമാണ്. ഥോര്‍, അയൺ മാൻ, ബ്ലാക്ക് പാന്തർ, സ്പൈഡർമാൻ എന്നീ കഥാപാത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നാല് നിറങ്ങളിൽ N ടോർക് 125 സ്കൂട്ടറുകൾ ടിവിഎസ് നേരത്തെ പുറത്തിറക്കിയിരുന്നു.

റൈഡർ 125-ന് മെക്കാനിക്കൽ മാറ്റങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. താപ നിയന്ത്രണത്തിനായി ഒരു ആന്തരിക ഓയിൽ കൂളർ ഉൾക്കൊള്ളുന്ന 124.8 സിസി എയർ-കൂൾഡ് എഞ്ചിനാണ് ഈ വാഹനത്തിന്റെ പ്രധാന സവിശേഷത. എഞ്ചിന് പരമാവധി 11.22 bhp കരുത്തും 11.2 Nm ടോർക്കും സൃഷ്ടിക്കാനുള്ള ശേഷിയുണ്ട്. 5 സ്പീഡ് ഗിയർബോക്‌സാണ് വാഹനത്തിനുള്ളത്. ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നതിനായി ടിവിഎസ് ഐഡലിംഗ് സ്റ്റോപ്പ്-സ്റ്റാർട്ട് സിസ്റ്റവും ശബ്ദരഹിത മോട്ടോർ സ്റ്റാർട്ടറും നൽകിയിരിക്കുന്നു.

മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്ക് സസ്പെൻഷൻ സിസ്റ്റവും പിന്നിൽ 5-സ്റ്റെപ്പ് അഡ്ജസ്റ്റബിൾ മോണോഷോക്ക് സിസ്റ്റവുമാണുള്ളത്. ഫ്രണ്ട് ബ്രേക്കിംഗ് സിസ്റ്റം വേരിയന്റിനെ ആശ്രയിച്ച് 240 എംഎം ഡിസ്കിനും 130 എംഎം ഡ്രമ്മിനും ഇടയിൽ മാറും. 130 എംഎം ഡ്രം ബ്രേക്കാണ് പിൻഭാഗത്തുള്ളത്. 80/100 മുൻ ടയറും 100/90 പിൻ ടയറും ഘടിപ്പിച്ച 17 ഇഞ്ച് അലോയ് വീലുകളാണ് ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നത്. ടയറുകൾ ട്യൂബ് ലെസ്സ് ആണെന്നതും ശ്രദ്ധേയമാണ്.

Comments are closed.