എക്‌സിൽ ഇനി കോളും ചെയ്യാം: സൂചന നല്‍കി വക്താക്കൾ
ഇലോൺ മസ്കിന്റെ കീഴിൽ ഏറെ മാറ്റങ്ങളും പുത്തൻ സവിശേഷതകളുമാണ് എക്സ് എന്ന ട്വിറ്ററിനുണ്ടാകുന്നത്. ആ നിരയിലേക്ക് പുതിയ ഒരു സവിശേഷത കൂടിയെത്തുന്നു. എക്‌സിൽ ഉടൻ തന്നെ വോയിസ് കോൾ സംവിധാനം അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ എത്തുന്നത്.
കഴിഞ്ഞ ദിവസം എക്‌സിലെ ഡിസൈനറായ ആൻഡ്രിയ കോൺവേ പങ്കുവെച്ച പോസ്റ്റിന് പിന്നാലെയാണ് പുതിയ അഭ്യൂഹങ്ങൾ എത്തിയിരിക്കുന്നത്. ‘എക്‌സിൽ ഒരാളെ വിളിച്ചു,’ എന്നാണ് ആൻഡ്രിയ പോസ്റ്റ് ചെയ്തത്. ഇത് പ്ലാറ്റ്‌ഫോമിന് ഉടൻ തന്നെ ഒരു ബിൽറ്റ്-ഇൻ വോയ്‌സ് കോൾ ഫീച്ചർ ലഭിച്ചേക്കുമെന്നതിന്റെ സൂചനയാണെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
മെയ് മാസത്തിൽ ഇലോൺ മസ്കിന്റെ ഒരു പോസ്റ്റിലൂടെയാണ് ആദ്യമായി പ്ലാറ്റ്‌ഫോമിലൂടെ വിളിക്കുന്നതിനെക്കുറിച്ച് ഒരു റിപ്പോർട്ട് വന്നത്. ‘ഈ പ്ലാറ്റ്‌ഫോമിലുള്ള ആരുമായും നിങ്ങളുടെ ഹാൻഡിലിൽ നിന്ന് വോയ്‌സ്, വീഡിയോ ചാറ്റ് ചെയ്യാനുള്ള സംവിധാനങ്ങൾ ഉടൻ വരുന്നു. അതിനാൽ നിങ്ങളുടെ ഫോൺ നമ്പർ നൽകാതെ തന്നെ ലോകത്തെവിടെയുമുള്ള ആളുകളുമായി നിങ്ങൾക്ക് സംസാരിക്കാനാകും,’ അദ്ദേഹം ഒരു ട്വീറ്റിൽ പ്രഖ്യാപിച്ചു.
നിലവിൽ പ്ലാറ്റ്‌ഫോമിൽ തത്സമയ സംഭാഷണങ്ങൾ നടത്താനുള്ള ഏക മാർഗം സ്‌പെയ്‌സിലൂടെയാണ്. ഇത് സോഷ്യൽ ഓഡിയോ ആപ്പായ ക്ലബ്‌ഹൗസിനോട് സാമ്യമുള്ളതാണ്. എന്നാൽ ആർക്കും സ്‌പെയ്‌സിലേക്ക് ട്യൂൺ ചെയ്യാന്‍ സാധിക്കുമെന്നതിനാൽ വൺ ടു വൺ സംഭാഷണങ്ങൾക്ക് ഇത് അനുയോജ്യമല്ല.
Comments are closed.