ലൂണാർ ഹൈവേയിലെ ട്രാഫിക് കൺട്രോൾ

ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ തിരക്കേറുകയാണ്. നിലവിൽ ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന്ന ആറ് ഓർബിറ്ററുകൾക്കൊപ്പം ഇന്ത്യയുടെ ചന്ദ്രയാൻ-3 കൂടി ചേരാൻ പോകുന്നു. ഏകദേശം അതേ സമയത്തു തന്നെ റഷ്യയുടെ ലൂണ 25 കൂടി എത്തുന്നതോടെ ലൂണാർ ഹൈവേയിലെ പ്രവർത്തനക്ഷമമായ കൃത്രിമോപഗ്രഹങ്ങളുടെ എണ്ണം എട്ടിലേക്ക് ഉയരും.

ഇതിനു പുറമേ, മുൻപ് വിക്ഷേപിച്ച് പ്രവർത്തന കാലാവധി പിന്നിട്ട ഓർബിറ്ററുകളും അവയിൽ ചിലതിന്‍റെ അവശിഷ്ടങ്ങളുമൊക്കെ ഇതേ ഭ്രമണ മേഖലയിൽ ലക്ഷ്യമില്ലാതെ ചുറ്റിത്തിരിയുന്നുണ്ട്. അതും പോരാഞ്ഞ്, ഉൽക്കകളും ഛിന്നഗ്രഹങ്ങളും അടക്കം ബഹിരാകാശ വസ്തുക്കൾ പലതും കടന്നുപോകുന്ന വഴിയാണിത്. ചന്ദ്രനു ഭൂമിയുടേതു പോലെ അന്തരീക്ഷമില്ലാത്തതിനാൽ ഇവയൊന്നും അടുത്തെത്തും മുൻപ് നശിച്ചു പോകുകയുമില്ല.

ഇത്രയും തിരക്കിനിടയിൽ ചന്ദ്രയാൻ-3യുടെ ട്രാഫിക് കൺട്രോൾ എങ്ങനെയായിരിക്കും എന്നു ചിന്തിക്കുന്നതു കൗതുകകരമാണ്. ഈ അപകടസാധ്യതകൾ കൂടി കണക്കിലെടുത്തു തന്നെയാണ് ഇസ്രൊ ( ഐഎസ്ആർഒ – ISRO ) മൂന്നാമത്തെ ചാന്ദ്ര ദൗത്യത്തിനു തയാറെടുത്തതെന്നാണ് വസ്തുത. ഇത്തരം സാധ്യതകൾ ബഹിരാകാശ ദൗത്യങ്ങളിൽ പുതിയതുമല്ല.

യഥാർഥത്തിൽ, ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-2 മൂന്നു വട്ടം മറ്റ് ഓർബിറ്ററുകളുമായുള്ള കൂട്ടിയിടികൾ ഒഴിവാക്കിയിട്ടുണ്ട് എന്നു കൂടി കേൾക്കുമ്പോൾ മനസിലാക്കാം ഇസ്രൊ ഇതിനായി നടത്തിയ തയാറെടുപ്പുകളുടെ ഫലപ്രാപ്തി.

2019 ജൂലൈക്കും സെപ്റ്റംബറിനും ഇടയിലാണ് മൂന്ന് കൊളീഷൻ അവോയ്ഡൻസ് മനുവറുകൾ ( Collision Avoidance Maneuver – CAM ) ചന്ദ്രയാൻ-2വിനു വേണ്ടി ഇസ്രൊ നടത്തിയത്. ചന്ദ്രയാൻ-3യുടെ കാര്യത്തിലും ഇത്തരത്തിൽ ലൂണാർ ട്രാഫിക് അപഗ്രഥിച്ച് വേണ്ട മുൻകരുതലുകൾ ഇസ്രൊ സ്വീകരിച്ചിട്ടുണ്ട്.

നാസയുടെ നാലും ഇന്ത്യയുടെയും (ചന്ദ്രയാൻ-2) കൊറിയയുടെയും ഓരോന്നും ഓർബിറ്ററുകളാണ് നിലവിൽ പ്രവർത്തനക്ഷമമായി ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന്നത്. ചന്ദ്രയാൻ-1, ജപ്പാന്‍റെ ഔന തുടങ്ങിയ ഓർബിറ്ററുകൾ ഭൂമിയുമായി ബന്ധം നഷ്ടപ്പെട്ടെങ്കിലും ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ തുടരുന്നുണ്ട്.

എട്ട് ഉപഗ്രഹങ്ങൾ എന്നത് അത്ര വലിയ സംഖ്യയായി തോന്നില്ലെങ്കിലും, ഭൂമിയുടെ മൂന്നിലൊന്ന് വലുപ്പം മാത്രമാണ് ചന്ദ്രനുള്ളതെന്ന് ഓർക്കണം. ഒപ്പം, ഈ ഉപഗ്രഹങ്ങളിൽ പലതും പരസ്പരം മുറിച്ചുകടക്കുന്ന ഭ്രമണപഥങ്ങളിലാണ് സഞ്ചരിക്കുന്നതും. ഇപ്പോൾ വിക്ഷേപിച്ച ചന്ദ്രയാൻ-3, ചന്ദ്രനിൽ നിന്ന് 150 കിലോമീറ്റർ അകലത്തിൽ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തും. ദീർഘവൃത്താകൃതിയിൽ ഭ്രമണം ചെയ്യുന്ന മറ്റു ചില ഉപഗ്രഹങ്ങൾ സ്വാഭാവികമായും ചന്ദ്രയാൻ-3യുടെ ഭ്രമണപഥം മുറിച്ചുകടന്നായിരിക്കും പോകുക.

ഇത്തരം കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് ഓർബിറ്ററുകളുടെ സഞ്ചാരഗതിയും വേഗവുമെല്ലാം നിയന്ത്രിക്കുന്നത്.

എങ്കിലും കൂട്ടിയിടികൾ ഒഴിവാക്കി ദൗത്യങ്ങൾ പൂർത്തിയാക്കാൻ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രങ്ങളെല്ലാം സഹകരിച്ചു പ്രവർത്തിക്കുണ്ടതുണ്ടെന്ന് ഇസ്രൊ അധികൃതർ പറയുന്നു. ബഹിരാകാശ മാലിന്യങ്ങൾ നിരീക്ഷിക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമുള്ള അന്താരാഷ്ട്ര ഏജൻസിയുമായും ഇസ്രൊയും നാസയുമെല്ലാം സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.

Comments are closed.