ഇന്നലെ നിങ്ങളുടെ ഫോണിൽ ഒരു എമർജൻസി അലേർട്ട് ലഭിച്ചോ? കാരണം ഇതാണ്

ഇന്നലെ ഉച്ചയ്ക്ക് നിങ്ങളുടെ സ്മാർട്ഫോണിൽ ഒരു ബീപ്പ് ശബ്ദം കേട്ടിരുന്നോ… ടെൻഷൻ വേണ്ട, ദേശീയ ടെലി കമ്മ്യുണിക്കേഷൻ വിഭാഗത്തിന്റെ പരീക്ഷണാർത്ഥമുള്ള അടിയന്തര മുന്നറിയിപ്പ് മെസേജ് വന്നതാണ്. നിരവധി സ്‌മാർട്ട്‌ഫോണുകളിൽ സന്ദേശം അയച്ചുകൊണ്ട് ഇന്ന് അടിയന്തര മുന്നറിയിപ്പ് സംവിധാനത്തിന്റെ പരീക്ഷണം നടന്നു. ഉച്ചയ്ക്ക് 1.35 ഓടെ ഉപയോക്താക്കൾക്ക് തങ്ങളുടെ ഫോണിലേക്ക് ഉച്ചത്തിലുള്ള ബീപ്പ് ശബ്ദത്തിനൊപ്പം ‘എമർജൻസി അലേർട്ട്: സിവിയർ’ എന്ന സന്ദേശം വന്നു.

‘ഇത് ഇന്ത്യാ സർക്കാരിന്റെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സെൽ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം വഴി അയച്ച ഒരു സാമ്പിൾ ടെസ്റ്റിംഗ് മെസേജാണ്. നിങ്ങളുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ആവശ്യമില്ലാത്തതിനാൽ ഈ സന്ദേശം അവഗണിക്കുക. ഈ സന്ദേശം ദേശീയ ദുരന്ത നിവാരണ വകുപ്പിൽ നിന്നുള്ളതാണ്. പൊതുജന സുരക്ഷ വർദ്ധിപ്പിക്കാനും അടിയന്തര ഘട്ടങ്ങളിൽ സമയബന്ധിതമായി മുന്നറിയിപ്പ് നൽകാനും ഇത് ലക്ഷ്യമിടുന്നു,’ ഫ്ലാഷ് സന്ദേശത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.

അടിയന്തരമായ മുന്നറിയിപ്പുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് മൊബൈൽ ഓപ്പറേറ്റർമാരുടെയും സെൽ ബ്രോഡ്‌കാസ്റ്റ് സംവിധാനങ്ങളുടെയും കാര്യക്ഷമതയും ഫലപ്രാപ്തിയും വിലയിരുത്തുന്നതിന് വേണ്ടിയാണ് ഈ പരീക്ഷണം എന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ സെൽ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം അറിയിച്ചു. വിവിധ പ്രദേശങ്ങളിൽ ഇത്തരം പരിശോധനകൾ കാലാകാലങ്ങളിൽ നടത്തുമെന്ന് സെൽ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം കൂട്ടിച്ചേർത്തു.

ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളെ നേരിടാൻ സർക്കാർ ദേശീയ ദുരന്ത നിവാരണ വകുപ്പുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ജൂലൈ 20 ന് ഇന്ത്യയിലെ ഫോൺ ഉപയോക്താക്കൾക്ക് സമാനമായ ടെസ്റ്റ് അലേർട്ട് ലഭിച്ചിരുന്നു.

Comments are closed.