മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് നിസ്സാരമായി കാണാനാവില്ലെന്ന് കോടതി; സർക്കാരിന് തിരിച്ചടി
നടൻ മോഹൻലാൽ ആനക്കൊമ്പ് കൈവശം വച്ചെന്ന കേസ് നിസ്സാരമായി കാണാനാവില്ലെന്ന് പെരുമ്പാവൂർ വിചാരണ കോടതി. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന്റെ സാധുത കേരള ഹൈക്കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താതെയാണ് പ്രോസിക്യൂഷൻ കേസ് പിൻവലിക്കാൻ ഹർജി നൽകിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. മോഹൻലാൽ ആനക്കൊമ്പ് കൈവശം വക്കുന്നതിനുള്ള ഗസറ്റ് വിജ്ഞാപനവും അദ്ദേഹത്തിന് നൽകിയ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും കോടതിയിൽ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. നടന് സർട്ടിഫിക്കറ്റ് അനുവദിച്ച സർക്കാർ നടപടിയെ തുടർന്നാണ് ഹർജി സമർപ്പിച്ചതെന്ന് കോടതി നിരീക്ഷിച്ചു.
കേസിന്റെ അന്വേഷണത്തിലും പ്രോസിക്യൂഷനിലും ക്രമാതീതമായ കാലതാമസം ഉണ്ടായെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ അതിന് സംസ്ഥാനത്തെ മാത്രമേ കുറ്റപ്പെടുത്താൻ കഴിയൂ എന്ന് കോടതി പറഞ്ഞു.
പൊതുതാൽപര്യപ്രകാരമാണ് കേസ് പിൻവലിക്കാൻ അപേക്ഷിച്ചത് എന്ന വാദം അംഗീകരിക്കാൻ കോടതി വിസമ്മതിച്ചു. പൊതുജനങ്ങളുടെ ശാന്തതയെ ബാധിക്കുന്ന ഒരു കുറ്റവും കേസിൽ ഉൾപ്പെട്ടിട്ടില്ല. കുറ്റാരോപിതർ ചെയ്തതായി പറയപ്പെടുന്ന കുറ്റകൃത്യത്തിന്റെ സ്വഭാവത്തിൽ പൊതുജനങ്ങളെ വ്യക്തിപരമായി ബാധിക്കുന്നില്ല. അതിനാൽ പൊതുതാൽപര്യപ്രകാരം കേസ് പിൻവലിക്കേണ്ട സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നും കോടതി പറഞ്ഞു.
മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ 2011 ഡിസംബർ 21-ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 2 ജോഡി ആനക്കൊമ്പും ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളും കണ്ടെടുത്തിരുന്നു. ഇതാണ് കേസിനാധാരം. ആദായ നികുതി വകുപ്പ് വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് കേസ് എടുക്കുകയായിരുന്നു. ആനക്കൊമ്പ് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നായിരുന്നു മോഹൻലാലിന്റെ വാദം.
Comments are closed.