പഞ്ചസാര കയറ്റുമതി നിരോധിച്ചേക്കും
മഴ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ കരിമ്പ് ഉത്പാദന മേഖല വന്‍ തിരിച്ചടി നേരിടുന്നതിനാല്‍ ആഭ്യന്തര വിപണിയിലെ വില പിടിച്ചു നിര്‍ത്താന്‍ ലക്ഷ്യമിട്ട് ഇന്ത്യ പഞ്ചസാരയുടെ കയറ്റുമതി നിരോധിച്ചേക്കും.
ഭക്ഷ്യ ആവശ്യത്തിന് പുറമെ എഥനോള്‍ ഇന്ധനമായും വലിയ തോതില്‍ ഉപയോഗിക്കുന്നതിനാല്‍ ഉത്പാദനത്തിലെ നേരിയ ഇടിവ് പോലും ആഭ്യന്തര വിപണിയില്‍ പഞ്ചസാര വില കുത്തനെ ഉയരാന്‍ കാരണമാകുമെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി കാലാവസ്ഥാ വ്യതിയാനവും സപ്ലൈ പ്രശ്നങ്ങളും ഇടനിലക്കാരുടെ ഇടപെടലും പ്രധാന ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയില്‍ വന്‍ വർധന സൃഷ്ടിച്ചതിനാല്‍ പരീക്ഷണങ്ങള്‍ക്ക് കാത്തിരിക്കാതെ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്‍റെ നിലപാട്.
രാജ്യത്തെ മുന്‍നിര കരിമ്പ് കൃഷി മേഖലകളായ മഹാരാഷ്‌ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നടപ്പു വര്‍ഷം കാലവര്‍ഷത്തിന്‍റെ ലഭ്യതയില്‍ 60 ശതമാനത്തിലധികം കുറവുണ്ടായെന്നാണ് വിലയിരുത്തുന്നത്. മഴയെ ഏറെ ആശ്രയിച്ച് നടക്കുന്ന കരിമ്പ് കര്‍ഷകരെ കടുത്ത ആശങ്കയിലാക്കിയാണ് ഇത്തവണത്തെ സീസണ്‍ കടന്നു പോകുന്നത്. രാജ്യത്തെ മൊത്തം കരിമ്പ് ഉത്പാദനത്തിന്‍റെ 50 ശതമാനത്തിനടുത്ത് ഈ രണ്ട് സംസ്ഥാനങ്ങളിലാണ് നടക്കുന്നത്. ഉത്പാദനത്തിലെ തിരിച്ചടി കണക്കിലെടുത്ത് ഒക്റ്റോബറില്‍ ആരംഭിക്കുന്ന അടുത്ത സീസണില്‍ കയറ്റുമതി കരാറുകള്‍ ഏറ്റെടുക്കുന്നതിന് പഞ്ചസാര മില്ലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഏഴ് വര്‍ഷത്തിനിടെ ഇതാദ്യമായാണ് പഞ്ചസാരയുടെ കയറ്റുമതി നിരോധനത്തിന് കേന്ദ്രം നിരോധനം പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കുതിച്ചുയരുന്ന നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്ക് പല ഘട്ടങ്ങളിലായി 2.5 ശതമാനം വർധിപ്പിച്ചിരുന്നെങ്കിലും വിപണിയില്‍ വിലക്കയറ്റം കുറയാന്‍ കാര്യമായി സഹായിച്ചില്ല. അതിനാലാണ് ധന നിയന്ത്രണങ്ങള്‍ക്ക് പകരം ഉത്പന്നങ്ങളുടെ ലഭ്യത ഉയര്‍ത്തി വില പിടിച്ചു നിർത്താനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. കഴിഞ്ഞ മാസം അരിയുടെ കയറ്റുമതിക്കും സമാനമായ നിയന്ത്രണങ്ങള്‍ കേന്ദ്രം സ്വീകരിച്ചിരുന്നു.
ലോകത്തിലെ പ്രമുഖ അരി ഉത്പാദക രാജ്യമായ ഇന്ത്യ ഏര്‍പ്പെടുത്തിയ കയറ്റുമതി നിരോധനം ആഗോള വിപണിയില്‍ അരി വില കൂടാന്‍ ഇടയാക്കിയിരുന്നു. കയറ്റുമതി നിയന്ത്രിക്കുന്നതിലൂടെ അമെരിക്കയിലും യൂറോപ്പിലും വരും ദിവസങ്ങളില്‍ പഞ്ചസാര വിലയില്‍ വന്‍ വർധനയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മില്ലുടമകള്‍ പറയുന്നു. ഉത്പാദന ഇടിവ് ശക്തമായതോടെ കഴിഞ്ഞ ദിവസങ്ങളില്‍ ആഭ്യന്തര വിപണിയില്‍ പഞ്ചസാര വില രണ്ട് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു. ഇതോടെ ആഭ്യന്തര വിപണിയില്‍ രണ്ട് ലക്ഷം ടണ്‍ പഞ്ചസാര വിറ്റഴിക്കാന്‍ ആഭ്യന്തര മില്ലുകളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
Comments are closed.