കേരളം 1300 കോടി രൂപയുടെ കടപ്പത്രം കൂടി പുറപ്പെടുവിക്കും
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1300 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം 29ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
കഴിഞ്ഞ ആഴ്ച 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിച്ചതിനു പിന്നാലെയാണിത്.
നിലവിൽ 7 മാസത്തേക്ക് 3000 കോടി രൂപയുടെ കടമെടുപ്പ് സാധ്യതമാത്രമാണിനിയുള്ളത്. ധന ഉത്തരവാദിത്ത നിയമം അനുസരിച്ച് വാർഷിക കടമെടുപ്പും ബാധ്യതകളും സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്‍റെ 3 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം 2.2 ശതമാനം കടമെടുപ്പിനുള്ള അനുവാദംമാത്രമാണ് ലഭിച്ചത്. ഈവർഷം ആദ്യം 20,522 കോടി രൂപയുടെ അനുമതി ലഭിച്ചു. തുടർന്ന് 1330 കോടിക്കുകൂടി അനുമതിയായി. ആകെ 21,852 കോടി. ബാക്കിയുള്ളതുകൊണ്ട് ഈവർഷം അവശേഷിക്കുന്ന കാര്യങ്ങൾ നടത്താനാകില്ല
നിർമാണത്തൊഴിലാളി, മോട്ടോർ വാഹനത്തൊഴിലാളി, കള്ളുചെത്ത് വ്യവസായത്തൊഴിലാളി ക്ഷേമനിധികൾ,കെഎസ്‌എഫ്‌ഇ, കെഎഫ്‌സി, സംസ്ഥാന ബിവറേജസ് കോർപറേഷൻ തുടങ്ങിയവയുടെ മിച്ച ഫണ്ട് മുൻകാലങ്ങളിൽ സർക്കാർ താൽക്കാലിക വായ്‌പയായി ക്രമീകരിച്ചിട്ടുണ്ട്.ആ രീതിയിലുൾപ്പെടെ ക്രമീകരിച്ച് തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ആലോചന.
ഓണച്ചെലവുകൾ കഴിഞ്ഞവർഷത്തെപ്പോലെ ഏറെക്കുറെ നിറവേറ്റാനായതായാണ് സർക്കാരിന്‍റെ വിലയിരുത്തൽ.
Comments are closed.