പുഴുക്കലരിയുടെ വില വർദ്ധനവ് തടയാൻ നടപടിയുമായി കേന്ദ്രം, കയറ്റുമതി തീരുവ ചുമത്തി
രാജ്യത്ത് വരാനിരിക്കുന്ന സീസണിൽ പുഴുക്കലരിയുടെ വില വർദ്ധനവ് മുന്നിൽകണ്ട് പുതിയ നടപടിയുമായി കേന്ദ്രസർക്കാർ. ഇത്തവണ പുഴുക്കലരിയുടെ കയറ്റുമതിക്ക് 20 ശതമാനം തീരുവ ചുമത്താനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം. ധനമന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം, പുഴുക്കലരിയുടെ കയറ്റുമതി തീരുവ ഒക്ടോബർ 15 വരെ ബാധകമാണ്. അതേസമയം, ഓഗസ്റ്റ് 25ന് മുൻപ് പോർട്ടുകളിൽ എത്തിയ അരിക്ക് ഈ ഉത്തരവിൽ ഇളവ് ലഭിക്കുന്നതാണ്. വരാനിരിക്കുന്ന ഉത്സവ സീസണിൽ ആഭ്യന്തര വിതരണം ഉറപ്പുവരുത്തുന്നതിന്റെയും, വിലക്കയറ്റം തടയുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി.
രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന മൊത്തം അരിയുടെ 25 ശതമാനവും ബസുമതി ഇതര വെള്ള അരിയാണ്. കഴിഞ്ഞ മാസം ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി സർക്കാർ നിരോധിച്ചിരുന്നു. നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 15.54 ലക്ഷം ടൺ ബസുമതി ഇതര വെള്ള അരി മാത്രമാണ് കയറ്റുമതി ചെയ്തത്. തുടർന്ന് ജൂലൈ മുതലാണ് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയത്. അതേസമയം, കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബ്രോക്കൺ റൈസിന്റെ കയറ്റുമതി കേന്ദ്രം നിരോധിച്ചിരുന്നു.
Comments are closed.