അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 24
എഴുത്തുകാരി: റീനു
” ചാച്ചൻ ഇത് വാങ്ങിയത് മോശമായി പോയോ മോളെ….? നിസ്സഹായത്തോടെ അവളുടെ മുഖത്തേക്ക് നോക്കി അയാൾ അത് ചോദിച്ചപ്പോൾ അവൾ കരഞ്ഞു പോയിരുന്നു… ‘അല്ല ചാച്ചാ….! ചേട്ടായി പറഞ്ഞത് തന്നെയാണ് സത്യം, ഇനിയുള്ള കാലം മുഴുവൻ ഞാൻ ജീവിക്കേണ്ട ചേട്ടായിക്കൊപ്പം അല്ലേ, ചേട്ടായിയുടെ കാര്യങ്ങളൊക്കെ നോക്കി അവിടുത്തെ വീട്ടിൽ, ഇത്രയും കാലം എന്നെ വളർത്തി വലുതാക്കിയ അമ്മച്ചിയെം ചാച്ചനെയും ഒക്കെ വിട്ട് അവിടേക്ക്, ചേട്ടായി പറഞ്ഞതു പോലെ കാശ് ഇങ്ങോട്ട് തന്നെ ആണ് തരേണ്ടത്,
ഇതൊക്കെയാണ് സത്യമെങ്കിലും നമ്മുടെ സമൂഹത്തിൽ ഇങ്ങനെ ചിന്തിക്കുന്നവരെ വളരെ കുറവ് ആണ് ചാച്ചാ, ചാച്ചന്റെ തീരുമാനം തെറ്റായിപ്പോയില്ല എന്ന് എനിക്ക് മനസിലായി…. ചേട്ടായി പോലെ ചിന്തിക്കുന്ന എത്ര പേരുണ്ട് ഈ സമൂഹത്തിൽ, അവളുടെ വാക്കുകൾ കേട്ടപ്പോഴാണ് ഔസേപ്പിനും സമാധാനമായത്…. അത് വരെ മകൾ കൂടി തന്നെ ഒന്നിനും കഴിയാത്ത ഒരു വ്യക്തിയായി മുദ്രകുത്തും എന്നായിരുന്നു അയാളുടെ ഭയം…. അകത്തു നിന്ന രണ്ടുജോഡി കണ്ണുകളിലും മനസ്സ് നിറഞ്ഞ ഒരു പുഞ്ചിരി രണ്ടുപേരും കണ്ടിരുന്നു…..!
നിശയ്ക്ക് സൗന്ദര്യം ഏകുവാൻ ആകാശത്ത് വിരിഞ്ഞ പൊൻ താരങ്ങൾ മാത്രം അലങ്കാരം ചൂടിയ രാത്രി…. ഏറെ സമാധാനത്തോടെ നിലാവിലേക്ക് നോക്കി കിടക്കുമ്പോൾ അവളുടെ മനസ്സിലും ഒരു വെള്ളി നിറമുള്ള സ്വപ്നം എത്തി, അലക്സിനെ മുഖം…! അതിമനോഹരമായ ആ രാത്രിയിൽ അവളുടെ ചിന്തകളിൽ എല്ലാം അവൻ നിറഞ്ഞു നിന്നു…. ഏതു പെണ്ണും ആഗ്രഹിക്കുന്ന സ്വഭാവമുള്ള ആണൊരുത്തൻ, അവന് തനിക്ക് സ്വന്തം ആകുന്ന ആ സുന്ദര ദിനങ്ങളെ പറ്റി അവൾ ചിന്തിച്ചു തുടങ്ങി, പ്രണയമല്ല ബഹുമാനത്തിൽ കലർന്ന ഒരു ഇഷ്ടം…!
ഒരിക്കൽ പോലും പ്രണയം തോന്നിയിട്ടില്ലാത്ത ഒരുവന് വേണ്ടു ആദ്യമായി അവളുടെ മനസ്സ് പ്രണയത്തിൻറെ ഭാഷകൾ രചിച്ചു തുടങ്ങി….!ഒരു നിമിഷം ഹൃദയമിടുപ്പ് പോലും മിടിച്ചത് ആ ഒരുവന് വേണ്ടി ആയിരുന്നു എന്ന് തോന്നി…!അത്രമേൽ പ്രിയപ്പെട്ട ആ അപരിചിതന് വേണ്ടി…! പിറ്റേദിവസം ഉച്ചയ്ക്കാണ് ചാച്ചൻ വിളിച്ചത്, വൈകുന്നേരം അല്പം നേരത്തെ ഇറങ്ങുമോ എന്നും മനസമ്മതത്തിനു വേണ്ട സാധനങ്ങൾ ഒക്കെ എടുക്കാൻ പോകാമെന്നും ചേട്ടായിയുടെ വീട്ടിൽ നിന്നും ആരൊക്കെയോ വരുന്നുണ്ടെന്നും ചാച്ചൻ പറഞ്ഞപ്പോൾ ഡോക്ടറോട് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞ് നേരെ ഡോക്ടറുടെ മുറിയിലേക്കാണ് ചെന്നത്…..
കാര്യം ചോദിച്ചപ്പോൾ ഡോക്ടർ സമ്മതിക്കുകയും ചെയ്തിരുന്നു, അതോടൊപ്പം അതുവരെ ചിരി അന്യമായിരുന്ന ആ മുഖത്ത് തന്നെ നോക്കി ഒന്നു പുഞ്ചിരി വിടർന്നു…. എന്നിട്ട് മുഖത്തേക്ക് നോക്കി പറഞ്ഞു, ” അലക്സ് പറഞ്ഞിരുന്നു കാര്യങ്ങളൊക്കെ…. തൻറെ ഭാഗ്യമാണ് അലക്സ്, വളരെ കുറച്ചുകാലത്തെ പരിചയം ഉള്ളൂ എനിക്ക് അലക്സും ആയിട്ട്, പക്ഷേ ഒരു കാര്യം ഉറപ്പാണ് അലക്സിനെ വിവാഹം കഴിക്കുന്ന പെൺകുട്ടി ഭാഗ്യവതി ആയിരിക്കും…. നല്ലൊരു മനസ്സുണ്ട് അയാൾക്ക്..! ഡോക്ടർടേ നാവിൽ നിന്നും വന്ന വാക്കുകൾ അത്ഭുതമായിരുന്നു നൽകിയത്….
വളരെ കുറച്ച് മാത്രം സംസാരിക്കുന്ന ഒരു വ്യക്തി, വല്ലപ്പോഴും മാത്രം പുഞ്ചിരിച്ചു കാണുന്ന മുഖം…. പക്ഷേ ആ ഒരാളെ പറ്റി പറഞ്ഞപ്പോൾ മാത്രം ആ മുഖത്ത് വന്ന പല വിധ ഭാവങ്ങൾ… വിടർന്ന കണ്ണുകളും വാചാലമാകുന്ന ചോടികളും അവളെ അത്ഭുതപ്പെടുത്തി…. ആദ്യമായാണ് ഡോക്ടർ ഒരാളെ പറ്റി ഇങ്ങനെ സംസാരിക്കുന്നത് പോലും കേൾക്കുന്നത്, പരിചയപ്പെടുന്ന എല്ലാവരെയും ഹൃദയത്തോട് ചേർത്തു നിർത്തുന്ന അലക്സിന്റെ വ്യക്തിത്വത്തോട് വീണ്ടും വീണ്ടും അവൾക്ക് ബഹുമാനം തോന്നി…. അറിയും തോറും ആ ഒരുവൻ തന്നിൽ വേരൂന്നി കൊണ്ടിരിക്കുകയാണ്…
ഒരു ചെറു പുഞ്ചിരി ഡോക്ടർക്ക് സമ്മാനിച്ച് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴും മനസ്സിൽ മുഴുവൻ ഡോക്ടർ പറഞ്ഞ വാചകങ്ങൾ ആയിരുന്നു… ” ഭാഗ്യവതി…!” കഴിഞ്ഞ പോയതൊക്കെ തൻറെ നന്മയ്ക്കുവേണ്ടി ദൈവം കാത്തു വച്ചത് ആണെന്ന് ചിന്തിക്കുവാൻ ആയിരുന്നു അപ്പോൾ അവൾക്കിഷ്ടം….. വീട്ടിലേക്ക് ചെന്നപ്പോൾ തന്നെ കണ്ടിരുന്നു, സണ്ണിച്ചായന്റെ വണ്ടി മുറ്റത്ത് കിടക്കുന്നത്…. ഫോൺ വിളിച്ച് ആരെയൊ സംസാരിച്ചു കൊണ്ട് നിൽക്കുന്നുണ്ട്…
മുറ്റത്തെ ചാമ്പ മരത്തിലെ ചുവട്ടിൽ തന്നെ കണ്ടതും ഒരു പുഞ്ചിരി നൽകി വീണ്ടും ഫോണിൽ ശ്രദ്ധകേന്ദ്രീകരിച്ചു, അകത്തേക്ക് ചെന്നപ്പോൾ ആശ ചേച്ചിയും ജീനയും ഒക്കെ നിൽക്കുകയാണ്…. തന്നെ കാത്തുനിൽക്കുകയാണ് എന്ന് വ്യക്തമായിരുന്നു…. വലിയ സന്തോഷത്തിലാണവർ ” അമ്മച്ചി വന്നിട്ടില്ല….! കാലിൽ നീര് ആണ്… ഞാനും ജീനയും ഉണ്ട്, ഇപ്പോൾ തന്നെ അങ്ങ് പോകാം, നമുക്ക് ഡ്രസ്സ് എടുക്കാം…. ആശചേച്ചി ആണ് അരികിൽ വന്ന് പറഞ്ഞത് ” ഞാൻ ഈ ഡ്രസ്സ് മാറിയിട്ട് വരാം…. ചിരിയോടെ പറഞ്ഞു… ” അയ്യോ പതുക്കെ മതി….!
ഡ്രസ്സ് ഒക്കെ മാറി ചായകുടിച്ച് പതുക്കെ പോയാൽ മതി, ” സണ്ണിചായൻ പറയുന്നത് നമുക്ക് എല്ലാവർക്കും കൂടെ ഇന്ന് വൈകിട്ട് ഡിന്നർ പുറത്തു നിന്ന് കഴിക്കാം എന്ന്, ഉൽസാഹത്തോടെ ജീന പറഞ്ഞു ” അതെ…! കൊച്ചു പോയി കുളിച്ച് ചായ ഒക്കെ കുടിച്ചിട്ട് വാ, ഞങ്ങൾ ചായ ഒക്കെ കുടിച്ചിട്ട് ഇരിക്കുകയാ… ആശ ചേച്ചി പറഞ്ഞു… ” ഞാൻ എന്നാ ഒന്ന് കുളിച്ചിട്ട് വരാം… എല്ലാവരെയും ഒന്നു നോക്കി പുഞ്ചിരിച്ചു, അകത്തേക്ക് പോയി നോക്കിയപ്പോൾ അടുക്കളയിൽ എന്തൊ വറുക്കുകയും പൊരിക്കുകയും ആണ് അമ്മച്ചി….അടുത്ത് സഹായങ്ങളും ആയി ചാച്ചനും ഉണ്ട്….
ഇടയ്ക്ക് അമ്മച്ചിയുടെ ഭാഷയിൽ ചാച്ചൻ അമ്മച്ചിയോടു എന്തൊ പറയുന്നതും അത് കേട്ട് അമ്മച്ചി ചിരിക്കുന്നതും കണ്ടപ്പോൾ മനം നിറഞ്ഞു…! എത്ര ദിവസങ്ങൾക്ക് ശേഷം ആണ് ഗാദ്ഗധം മാത്രം നിറഞ്ഞു നിന്ന ആ ചൊടി പുഞ്ചിരിക്ക് വഴി മാറിയത്….. കുളിയൊക്കെ കഴിഞ്ഞ് ഒരു ഇളംറോസ് നിറത്തിലുള്ള കോട്ടൺ ചുരിദാർ എടുത്തണിഞ്ഞു…. ഒരുങ്ങൽ ഒന്നും പതിവില്ലെങ്കിലും അന്ന് എന്തോ മനസ്സ് പറഞ്ഞു ഒന്ന് ഒരുങ്ങാൻ…. എങ്ങനെ ഒരുങ്ങും….? സംഗീത ചേച്ചി ഒരുങ്ങും പോലെ ഒരുങ്ങിയാലോ…,? അപ്പോൾ ഇഷ്ടം ആയാലോ..? ഒരു നിമിഷം മനസ്സിലേക്ക് ഓർമ്മ വന്നത് അതാണ്….
പെട്ടെന്ന് ചേച്ചി ഒരുങ്ങുന്നത് പോലെ മുടി ഒന്ന് കെട്ടി, ചുവന്ന പൊട്ടാണ് സാധാരണ ചേച്ചി തോടാറുള്ളത്, ചെറിയ ചുവന്ന പൊട്ട് ഡ്രോയർ മുഴുവൻ തപ്പി ഒരു പൊട്ടിന് വേണ്ടി, അവസാനം ഒരു മെറൂൺ നിറത്തിലുള്ള പൊട്ട് കയ്യിൽ കിട്ടിയപ്പോൾ അതൊന്നു കുത്തി… മൊത്തത്തിൽ സംഗീത ചേച്ചി ഒരുങ്ങുന്ന രീതിയിലൊക്കെ ഒന്ന് ഒരുങ്ങി, കണ്ണിൽ മഷി എഴുതി, ഇരു വശവും ആയി മുടി പകുത്തു ക്ലിപ്പ് ഇട്ടു, കണ്ണാടിയിലേക്ക് നോക്കിയപ്പോൾ തൻറെ പ്രതിരൂപം തന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ തോന്നി…. എന്തിനാണ് ഈ അനുകരണങ്ങൾ…?
മറ്റൊരാളിലൂടെ തന്നെ സ്നേഹിക്കുന്ന അലക്സ് ചേട്ടായി ആണോ താൻ ആഗ്രഹിക്കുന്നത്….? ഒരിക്കലുമല്ല, തന്നെ താനായി തന്നെ സ്നേഹിക്കുന്ന ഒരുവൻ … അങ്ങനെയാവണം, ഈ കാട്ടിക്കൂട്ടലുകൾക്ക് അർത്ഥമില്ലെന്ന് തോന്നി….. അല്ലെങ്കിലും പ്രണയം നമ്മെ കൊണ്ട് പലതും ചെയ്യിപ്പിക്കുകയാണല്ലോ, ഒരുങ്ങിയ രീതി എല്ലാം അപ്പോൾ തന്നെ മാറ്റി… നെറ്റിയിൽ നിന്നും പൊട്ട് എടുത്തു മാറ്റി… നനഞ്ഞ തോർത്തു കൊണ്ട് കണ്ണിലെ മഷി തൂത്തു കളഞ്ഞു, സാധാരണ കെട്ടുന്നത് പോലെ ഒരു വശത്തുനിന്നും മുടി ചീകി കുളി പിന്നൽ ഇട്ടു, സദാ തൊടുന്ന കറുത്ത കുഞ്ഞുപൊട്ട് മാത്രം മുഖത്തിന് അലങ്കാരമായി…
തന്നിലൂടെ സംഗീത ചേച്ചിയെ ഓർമ്മിപ്പിക്കുക അല്ല തന്റെ ലക്ഷ്യം, തന്നെ താനായി കണ്ടു സ്നേഹിക്കുക…. സംഗീത ചേച്ചിക്ക് പകരക്കാരി ആവണ്ട തനിക്ക്… ആ മനസ്സിൽ താൻ മാത്രം ആവുകയാണ് വേണ്ടത്…. മറ്റൊരാൾക്ക് നൽകിയ സ്നേഹത്തിൻറെ ബാക്കി തനിക്ക് വേണ്ട, അത്രമേൽ ഇഷ്ടം ഉള്ളതുകൊണ്ട് തന്നെ തൻറെ മനസ്സ് ശഠിക്കുന്നത് ആ സ്നേഹം പൂർണമായി കിട്ടുവാൻ വേണ്ടിയാണ്….
സംഗീത ചേച്ചിക്ക് നൽകിയ സ്നേഹത്തിൻറെ ഒരു അംശം തനിക്ക് വേണ്ടി ഔദാര്യമായി നൽകുകയെന്നത് തനിക്ക് വേണ്ട…. തനിക്ക് വേണ്ടത് ആ മനസ്സ് മുഴുവൻ താൻ ആവുകയാണ്…. അവിടെ താൻ മാത്രമുണ്ടാകുന്ന ദിനമാണ്, അത് തന്റെ സ്നേഹത്തിൽ ചാലിച്ച സ്വർത്ഥത ആണ്… കാരണം അവൻ താൻ ആയി തന്നെ തന്നെ അറിയണം, സ്നേഹിക്കണം, അവന്റെ ഉള്ളം തനിക്ക് ആയി മാത്രമാകുന്നു ദിനം ഉണ്ടാവണം…… തുടരും….!?…കാത്തിരിക്കൂ..?
Comments are closed.