സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവഴിക്കാറുണ്ടോ?; പിന്നാലെ എത്തുന്ന ഈ പ്രശ്നങ്ങളെ കുറിച്ച് അറിയൂ

ഒഴിവ് സമയങ്ങൾ ആനന്ദകരമാക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇവ മാനസിക സന്തോഷത്തിനാണ് ഉപയോഗിക്കുന്നതെങ്കിലും, ഗുണത്തിലേറെ ദോഷം ചെയ്യുമെന്നാണ് പുതിയ പഠനം തെളിയിച്ചിരിക്കുന്നത്. സന്തോഷം പകരാൻ സഹായിക്കുമെങ്കിലും, ഇവ അമിതമാകുമ്പോൾ ഉത്കണ്ഠ, വിഷാദം, സമ്മർദ്ദം എന്നിവയിലേക്ക് നയിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

ബിഹേവിയർ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 18 വയസിനും 34 വയസിനും ഇടയിൽ പ്രായമുള്ള 288 സോഷ്യൽ മീഡിയ ഉപഭോക്താക്കളിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമായും മൂന്ന് തരത്തിലുള്ള സോഷ്യൽ മീഡിയ ഉപയോഗമാണ് ഇതിലൂടെ പരിശോധിച്ചിരിക്കുന്നത്.

മറ്റു ഉപഭോക്താക്കളുടെ ഉള്ളടക്കം മാത്രം നോക്കുന്നവർ, സ്വന്തം ഉള്ളടക്കം പോസ്റ്റ് ചെയ്യുമെങ്കിലും മറ്റു ഉപഭോക്താക്കളുമായി ഇടപഴകാത്ത വ്യക്തികൾ, സ്വന്തം ഉള്ളടക്കം പോസ്റ്റ് ചെയ്യുമെങ്കിലും മറ്റു ഉപഭോക്താക്കളുമായി ഇടപഴകുന്ന വ്യക്തികൾ എന്നിങ്ങനെയാണ് വേർതിരിച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തെ വിഭാഗത്തിൽ ഉള്ള ആളുകളിലാണ് ഉത്കണ്ഠ, വിഷാദം, സമ്മർദ്ദം എന്നിവ കൂടുതലായി കാണപ്പെടുന്നത്. മറ്റു രണ്ട് വിഭാഗങ്ങളിലും ഈ ലക്ഷണങ്ങൾ താരതമ്യേന കുറവായി കണ്ടെത്തിയിട്ടുണ്ട്.

Comments are closed.